ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചു;ജിസിസി രാജ്യങ്ങള്‍ വഴി ടിക്കറ്റെടുത്ത മലയാളികള്‍ക്ക് പണികിട്ടും

ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി മലയാളി പ്രവാസികളെ വലിയ കുരുക്കിലാക്കുന്നു . ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയാണ്.

ദോഹയില്‍ നിന്ന് നാട്ടിലേക്ക് നേരിട്ടുള്ള വിമാനം ലഭിച്ചില്ലെങ്കിലും റിയാദ്, ജിദ്ദ, ദുബൈ എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ഖത്തര്‍ മലയാളികള്‍ നാട്ടിലേക്ക് വരാറുള്ളത്. സൗദ്ദിയിലേക്കോ റിയാദിലേക്കോ പോകേണ്ടവര്‍ ദോഹ വഴിയും ഇങ്ങനെ മാറികേറി വരാറുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം നാട്ടിലേക്ക് നേരിട്ടുള്ള ടിക്കറ്റ് എടുക്കേണ്ടി വരും.

ഖത്തറില്‍ നിന്നുള്ള വിമാനങ്ങളില്‍ നിലവില്‍ ടിക്കറ്റ് വര്‍ധനവ് ഇല്ലെങ്കിലും ഈ മാസം 22ന് ഖത്തറിലെ സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ ഈ റൂട്ടിലെ വിമാനയാത്രയ്ക്ക് ചിലവേറുമെന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇനി കൂടിയ നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടി വരും. ടിക്കറ്റ് വാങ്ങാന്‍ തയ്യാറായാലും അത് ലഭ്യമാക്കുമോ എന്ന സംശയവും ബാക്കിയാണ്.

സൗദിയും യുഎഇയും വിലക്കേര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ പുതിയ പാതയിലൂടെ പറക്കാന്‍ ആരംഭിച്ചു. സൗദ്ദിയേയും യുഎഇയേയും സ്പര്‍ശിക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇത് യാത്രാസമയം വര്‍ധിപ്പിക്കുന്നുണ്ട്.

സാഹചര്യത്തില്‍ ഇറാനായിരിക്കും ഖത്തര്‍ എയര്‍വേഴ്‌സിന്റെ ട്രാന്‍സിറ്റ് പോയിന്റ്. ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ ഇറാന്‍ വഴി തിരിച്ചു വിട്ട സാഹചര്യത്തില്‍ ഇന്ധന ഉപഭോഗവും, യാത്രാസമയവും,ടിക്കറ്റ് ചാര്‍ജ്ജുമെല്ലാം വര്‍ധിക്കുമെന്ന് വ്യോമയാനവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം