കോഴ കേസ്; മോഡിക്കെതിരെ വ്യക്തമായ തെളിവുമായി പ്രശാന്ത് ഭൂഷണ്‍

മോഡിക്കെതിരെ വ്യക്തമായ തെളിവുമായി പ്രശാന്ത് ഭൂഷണ്‍. കൂടുതല്‍ വ്യക്തമായ തെളിവുകളില്ലാതെ പരിഗണിക്കില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സഹാറ-ബിര്‍ള കേസുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയില്‍ സന്ദേശങ്ങളും ചേര്‍ത്ത് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കമ്ബനികള്‍ കോഴ നല്‍കിയെന്നതു സംബന്ധിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു കോമണ്‍ കോസ് എന്ന സംഘടനയുടെ പേരില്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. വാദം 11നു കേള്‍ക്കും. ബിര്‍ള ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ സിബിഐയും സഹാറ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പും റെയ്ഡുകള്‍ നടത്തി, കണക്കില്‍പ്പെടാത്ത വന്‍തുകകള്‍ കണ്ടെടുത്തു, ഡയറികളും നോട്ബുക്കുകളും കൈയെഴുത്തു രേഖകളും കംപ്യൂട്ടര്‍ രേഖകളും പിടിച്ചെടുത്തു, രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോഴ നല്‍കിയതായി കണ്ടെത്തി തുടങ്ങിയ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഇതു കേസെടുക്കാന്‍ മതിയായ വസ്തുതകളാണെന്നു സത്യവാങ്മൂലത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിതകുമാരി കേസില്‍ ഭരണഘടനാ ബെഞ്ച് നല്‍കിയ വിധിയും ജയിന്‍ ഹവാല കേസിലെ വിധിയും സത്യവാങ്മൂലത്തില്‍ ഭൂഷണ്‍ എടുത്തുപറയുന്നു. കുറ്റകൃത്യം സംബന്ധിച്ച വിവരം വെളിപ്പെടുമ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നതു നിയമത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  പ്രശാന്ത് ഭൂഷന്റെ ആദ്യ സത്യവാങ്മൂലം കഴിഞ്ഞ മാസം പരിഗണിക്കുമ്പോള്‍ അന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കേഹാര്‍, വ്യക്തമോ ഉറപ്പുള്ളതോ ആയ തെളിവുകളില്ലാതെയും രേഖാപരമായ അടിസ്ഥാനമില്ലാതെയും പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനെ ചോദ്യംചെയ്തു. വിശ്വസനീയമായ തെളിവുമായി വരാന്‍ ഹര്‍ജിക്കാരനോടു നിര്‍ദേശിക്കുകയും ചെയ്തു. മാത്രമല്ല, ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള ഫയല്‍ പ്രധാനമന്ത്രിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ജസ്റ്റിസ് കേഹാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നു പിന്മാറണമെന്നു ഭൂഷണ്‍ ആവശ്യമുന്നയിച്ചതിനെ അന്നു കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം