ചോര ചുവപ്പുള്ളവര്‍ക്കൊക്കെ ആരാധന സ്വാതന്ത്ര്യമുള്ള ഒരു ക്ഷേത്രം; പിണറായി വിജയനെത്തുമോ ? കാത്തിരിക്കുന്നു ഒരു ക്ഷേത്രവും ഗ്രാമവും

web desk

കോഴിക്കോട്(വടകര): കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുകയാണ് തെയ്യങ്ങളുടെയും തിറകളുടേയും നാടായ കടത്തനാട്ടിലെ ഒരു ക്ഷേത്രവും ഒരു ഗ്രാമം ഒന്നടങ്കം.

മലബാറിലെ പ്രശസ്തമായ കല്ലേരി കുട്ടിച്ചാത്തന്റെ നടയിലേക്കാണ് കേരളത്തിന്റെ ഉശിരുള്ള നായകനെ സ്വാഗതം ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ്കാരന്‍ ക്ഷേത്രത്തില്‍ വരുമോ ? കല്ലേരിയിലെ നല്ലവരായ ചില നാട്ടുകാരുടെ നിഷ്‌കളങ്കമായ ചോദ്യം. ചോര ചുവപ്പായുള്ളവര്‍ക്കൊക്കെ ആരാധാന സ്വാതന്ത്ര്യമുള്ള അപൂര്‍വ്വ ക്ഷേത്രം.

ചുവപ്പ് പട്ടണിഞ്ഞ കുട്ടിച്ചാത്തന്‍ പ്രതിഷ്ഠയെ സാക്ഷിയാക്കി ചിലര്‍ പ്രാര്‍ഥിക്കുകയാണ് വൈകാതെ പിണറായി എത്തണം. പിണറായി വിജയന് അഭിമാനപൂര്‍വ്വം ഈ മണ്ണിലേക്ക് വരാം. ഇത് മതത്തിന് അപ്പുറം മാനവികതയ്ക്ക് വില നല്‍കുന്ന ക്ഷേത്രാങ്കണമാണ്.

ഒരു ക്ഷേത്ര ഭരണ സമിതിയുടേയും നാടിന്റെയും അതിയായ ആഗ്രഹമാണ് തങ്ങളുടെ സ്വപ്‌ന പദ്ധതി നാടിനെ സമര്‍പ്പിക്കാന്‍ പിണറായി വിജയിന്‍ വേണം എന്നത്. അശോകനും രാജനും ഒപ്പം വര്‍ഗീസും നേതൃത്വം നല്‍കുന്ന ക്ഷേത്ര ഭരണ സമിതി ഇവിടെ 11 കോടിയോളം ചിലവില്‍ കല്യാണ മണ്ഡപം പണിതിട്ടുണ്ട്.

കണ്ണനും കല്യാണിക്കുമൊപ്പം പാത്തുവും കുഞ്ഞാമിയും കുട്ടിച്ചാത്തന് മുന്നില്‍ മുട്ട് കുത്തി പ്രാര്‍ഥിക്കുന്ന അമ്പല നടയ്ക്ക് തൊട്ടടുത്ത് തന്നെയാണ് നാടിന് അഭിമാന സ്തംഭമായി ഒരു ബഹു നില മന്ദിരം ഉയര്‍ന്നിട്ടുള്ളത്.

മാനവ മൈത്രിയുടേയും ജീവ കാരുണ്യത്തിന്റെയും വഴിയില്‍ ചരിത്ര ലിപികളില്‍ എഴുതിയ നേട്ടങ്ങളുള്ള ഈ ക്ഷേത്രവും നാടും ഉറച്ച തീരുമാനത്തിലാണ് പിണറായി വിജയന്റെ ഒരു തീയതി കിട്ടണം അന്ന് ഉദ്ഘാടനം നടത്തും.

കേരളത്തിലെ എമ്പാടും നിന്നും ഇതരസംസ്ഥാനങ്ങളായ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഭക്ത ജനങ്ങള്‍ എത്തുന്ന കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് ഇതും ഒരു ക്ഷേമ പ്രവര്‍ത്തനമാണ്.

550 പേര്‍ക്ക് ഇരിക്കാവുന്ന എസി കല്യാണ മണ്ഡപം ഏത് മതസ്ഥരും ഇവിടെ വച്ച് മംഗല്യം കൂടാം. 350 പേര്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനാവുന്ന ഡൈനിന്‍ഹാള്‍. ദൂര ദിക്കുകളില്‍ നിന്നു എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ മൂന്ന് ഡോര്‍മെട്രികള്‍, മൂന്ന് എസി ബഡ്‌റൂമുകളും ചേര്‍ന്നതാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കെട്ടിട ഗോപുരം.

500 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ക്ഷേത്രമാണ് വടകരയില്‍ നിന്നും 10 കിലോ മീറ്റര്‍ അകലൈയുള്ള കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം പ്രശസ്തമായിരുന്ന കുറുക്കാട്ട് കുടുംബത്തിന്റെ തറവാട് ക്ഷേത്രമാണിത്.

40 വര്‍ഷമായി ജനകീയ കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്. ഒരുകാലത്ത് ജാതി വൈര്യം കൊടികുത്തി വാണനാട്ടില്‍ എല്ലാ അസമത്വങ്ങളും അവസാനിപ്പിക്കാന്‍ ഇവിടത്തെ ജനകീയ ഭരണസമിതിക്ക് കഴിഞ്ഞു. വര്‍ഷാ വര്‍ഷം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുന്ന 25അംഗം ഭരണസമിതിയാണ് നേതൃത്വം.

കേരളം മാതൃകയാക്കേണ്ട ഒരു ഭരണ രീതിയാണ് ഇവിടെ. അമ്പലം വിഴുങ്ങികളുടെ കഥ കേട്ട നാടിന് അത്ഭുതങ്ങളാണ് കല്ലേരി സമ്മാനിക്കുന്നത്, പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ചികില്‍സ നല്‍കുന്ന ആയുര്‍വേദ ആശുപത്രി ക്ഷേത്രാങ്കണത്തിലൂണ്ട്. അഞ്ച് രൂപ നല്‍കിയാല്‍ അഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

പാവങ്ങള്‍ക്ക് മരുന്നും സൗജന്യം, ഒരു അലോപ്പതി ഡോക്ടറുടെ സേവനവും ക്ഷേത്ര ഭരണസമിതി നാടിന് നല്‍കുന്നുണ്ട്. നാട്ടില്‍ ആരും പട്ടിണി കിട്ടക്കരുതെന്ന നിര്‍ബന്ധം ഈ ക്ഷേത്ര സാരഥികള്‍ക്കുണ്ട്. പ്രദേശത്ത് നാല് റേഷന്‍ കടകളില്‍ മറ്റ് ഗതിയില്ലാത്തവര്‍ക്ക്് അരി ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ആയുര്‍വേദ മരുന്ന് ഉത്പാദന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.

സാംസ്‌കാരിക കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. വിശാലമായ ലൈബ്രറിയും വായനശാലയും ക്ഷേത്ര ഗോപുരത്ത് നിന്ന് നോക്കത്താവുന്ന ദൂരത്തു തന്നെയുണ്ട്. ക്ഷേത്ര ഭരണ സമിതി ആവിഷ്‌കരിച്ച സമൂഹ മൈത്രി പദ്ധതി പാവങ്ങള്‍ക്ക് വിവാഹ സഹായം നല്‍കുന്നുണ്ട്.

പഠനത്തിന് മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും. പ്രദേശത്ത് ഒരു മരണം ഉണ്ടായാല്‍ പന്തലും കസേരയും പൊതുദര്‍ശനത്തിന് വക്കാനുള്ള സൗകര്യവും സൗജന്യമായി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടത്തും.

മദ്യം പ്രസാദമായി നല്‍കുന്ന പ്രത്യേകതയും കല്ലേരി കുട്ടിച്ചാത്തന് മാത്രം അവകാശപ്പെട്ടതാണ്. കുട്ടിച്ചാത്തന് വെള്ളാട്ടന്‍ നേര്‍ച്ച നേരുന്നവര്‍ അത് നടക്കണമെങ്കില്‍ 17 വര്‍ഷത്തോളം കാത്തു നില്‍ക്കണം. പ്രസാദ ദാനത്തിന് മൂന്ന് വര്‍ഷവും അത്രയേറെ ബുക്കിംഗാണ് ഇവിടെ.

എല്ലാ ദിവസും നട തുറക്കുന്ന ക്ഷേത്രത്തില്‍ ചൊവ്വയും വെള്ളിയുമാണ് വിശേഷ ദിവസങ്ങള്‍, ഈ നാളുകളില്‍ കല്ലേരി ഭക്ത ജനങ്ങളകൊണ്ട് നിറയും. ഇതില്‍ നാനാജാതി മതസ്ഥരുമുണ്ട്. തൊഴിലാളി കൂട്ടായ്മയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് സൊസൈറ്റിയാണ് വിവാഹം കല്യാണ മണ്ഡപത്തിന്റെ നിര്‍മാണ ദൗത്യം ഏറ്റെടുത്തത്.

പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. ഇതിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍. കെ എം അശോകന്‍ പ്രസിഡന്റും എം രാജന്‍ സെക്രട്ടറിയും എം സദാനന്ദന്‍ ട്രഷറുമായുള്ള കമ്മിറ്റിയില്‍ ക്രിസ്തുമത വിശ്വാസിയായ വര്‍ഗീസ് അംഗമാണ്.

വര്‍ഗീതയുടെയും വിഭാഗീയതയുടെയും കൊടി അടയാളങ്ങള്‍ക്ക് കീഴില്‍ സമൂഹം ഒതുങ്ങുമ്പോള്‍ പ്രതീക്ഷയുടെ തുരുത്തുകള്‍ ആകുകയാണ് ഇത്തരം ആരാധനാലയങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം