പോലീസെന്നാൽ ആരെയെങ്കിലും തല്ലാൻ അവകാശമുള്ളവരാണെന്ന ചിന്ത ജനാധിപത്യ സംവിധാനങ്ങൾക്കു ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: പോലീസെന്നാൽ ആരെയെങ്കിലും തല്ലാൻ അവകാശമുള്ളവരാണെന്ന ചിന്ത ജനാധിപത്യ സംവിധാനങ്ങൾക്കു ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷന്റെ നവീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു.

എല്ലാ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രിയായി അനുവർത്തിക്കണമെന്നതാണു സർക്കാരിന്റെ നയം. ജനങ്ങളുടെ ഉറ്റ ബന്ധുവായി പോലീസ് മാറണം. ഇതിനു വിപരീതമായി ചിലയിടങ്ങളിലെങ്കിലും പഴയ പോലീസ് ശീലങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ സർക്കാരിന്റെ ഭാഗത്തുനിന്നു കടുത്ത നടപടികൾ ഉണ്ടാവും. സ്റ്റേഷനിൽ വരുന്നയാളുകളോടു മാന്യമായുള്ള പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവണം. സ്ത്രീകൾ, കുട്ടികൾ, അവഗണന നേരിടുന്നവർ തുടങ്ങിവർക്കെല്ലാം മുൻഗണ നൽകണം.

 

അതിവേഗതയിൽ വളരുന്ന നഗരമായതിനാൽ കൊച്ചിയിൽ കുറ്റകൃത്യങ്ങളും വർധിക്കുന്നുണ്ട്. കേരളത്തിലെ ഗുണ്ടകളിൽ 70 ശതമാനവും കൊച്ചി നഗരം കേന്ദ്രമാക്കിയുള്ളവരാണ്. പോലീസിന്റെ ഊർജിതമായ പ്രവർത്തനത്തിലൂടെ ഗുണ്ടകളെ ജയിലിനകത്താക്കാൻ സാധിച്ചിട്ടുണ്ട്. അകത്തായവരെക്കാൾ കൂടുതൽ ആളുകൾ പുറത്തുണ്ടെന്ന വസ്തുത മനസ്സിലാക്കി ഫലപ്രദമായ പ്രവർത്തനം പോലീസ് സേന നടത്തണം.

സംസ്ഥാനത്തെ നഗരങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ടൗൺ പോലീസ് സ്‌റ്റേഷനുകളുടെ പവദിയുയർത്തുന്ന കാര്യം സർക്കാർ പരിഗണിക്കും. പ്രധാന നഗരങ്ങളിലെ മുഖ്യ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ടൗൺ പോലീസ് സ്‌റ്റേഷനുകൾ മാറ്റി സിറ്റി പോലീസ് സ്‌റ്റേഷനുകളാക്കാനാണ് ആലോചിക്കുന്നത്.
നഗരത്തിന്റെ വികസനത്തെ തളർത്തുന്ന ചെയ്തികളും ക്രമിനലുകൾ ചെയ്യുന്നുണ്ട്. ഗുണ്ടകളുടെ സംരക്ഷണത്തിനു പോലീസ് ഇടപെടുന്ന രീതിയുമുണ്ട്. നിയമം തെറ്റിക്കുന്ന ആർക്കെതിരെയും നടപടി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം പോലീസിനുണ്ട്. സ്ഥാനമോ സ്വാധീനമോ ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതില്ല. പോലീസ് തെറ്റായി പ്രവർത്തിച്ചാൽ സർക്കാർ കൃത്യമായി ഇടപെടുമെന്നുംപിണറായി വിജയന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം