നാല് മാസത്തിനിടെ ഒരു കുടുംബത്തില്‍ നടന്നത് നാല് മരണം;പിണറായിയിലെ ദുരൂഹമരണം;എട്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു

കണ്ണൂര്‍: പിണറായിയിലെ ദുരൂഹ മരണത്തില്‍ എട്ട് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ എശ്വര്യ കിഷോറിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.

2018 മാര്‍ച്ച് 31ന് ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഐശ്വര്യ മരിക്കുന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാല് മാസത്തിനിടെ ഒരു കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു

2012ല്‍ സൗമ്യയുടെ ഒരു വയസുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. നാല് മരണങ്ങള്‍ സംഭവിച്ചതും സമാനമായ രീതിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്നാണ്. മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ആന്തരിക അവയവ പരിശോധനാ ഫലവും സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ പോലീസിന് ലഭിച്ചിട്ടുണ്ട്.

പത്തോളം പരിശോധനകളാണ് നടത്തിയത്. വിഷാംശം മരിച്ചവരുടെ ശരീരത്തില്‍ ഉണ്ടെന്ന നിഗമനമാണ് പരിശോധനാഫലങ്ങള്‍ നല്‍കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യപദാര്‍ഥങ്ങളില്‍ നിന്നോ ഏതെങ്കിലും മരുന്നുകളില്‍നിന്നോ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ. കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ചിലരില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം