251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍

phone 251ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251 ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയ ഈ ഫോണ്‍ എല്ലാവരുടെയും കണ്ണുതള്ളിച്ചിരിക്കുകയാണ്. ചൈനീസ് ഫോണുകള്‍ വിപണിയിലെത്തുന്നത് വരെ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ വിലയേറിയതായിരുന്നു. എന്നാലിപ്പോള്‍ 251 രൂപയ്ക്കാണ് ഒരു ഇന്ത്യന്‍ കമ്പനി സ്മാര്‍ട്ട് ഫോണ്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫ്രീഡം 251ന്റെ നിങ്ങളറിയാത്ത ചില വസ്തുതകള്‍ പരിശോധിക്കാം.

3-ജി സ്മര്‍ട്ട് ഫോണായ ഫ്രീഡം 251ന് 1.3 ഗിഗാ ഹെര്‍ട്ടസ് ക്വാഡ് പ്രോസസറും 1ജിബി റാമും 8ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 32 ജിബി വരെ എക്‌സ്റ്റേണല്‍ മെമ്മറിയും ആവാം. കൂടാതെ 1450 എംഎഎച്ച് ബാറ്ററിയുമുണ്ട്. രാജ്യത്താകമാനം 650 കേന്ദ്രങ്ങളിലൂടെ ജൂണ്‍ 30ന് ഫോണ്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

ഇങ്ങനെ ഒരു ഫോണോ എന്ന് അല്‍ഭുതപ്പെടാന്‍ വരട്ടെ. ഗൂഗിളില്‍ Adcom Ikon 4  എന്ന് സെര്‍ച്ച് ചെയ്യൂ. ഫ്രീഡം 251 എന്ന ഫോണിന്റെ ഒറിജിനലിനെ കണ്ടെത്താം. ഫ്‌ലിപ്കാര്‍ട്ടില്‍ 4081 രൂപയ്ക്ക് വില്‍ക്കപ്പെടുന്ന ഫോണാണിത്. അഡ്‌കോം ഐക്കണ്‍ ഒരു 4ജി ഫോണാണ്. ഫ്രീഡം 251നെ പോലെ 3ജിയല്ല. ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് ഡിസൈന്‍ കോപ്പിയടിച്ച ഒന്ന്.

ഇനി, ഫ്രീഡം 251ന്റെ പ്രകാശന വേളയില്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സിന്റെ ഡയറക്ടര്‍ മോഹിത് ഗോയലും സിഇഒ ധാര്‍ണ ഗോയലും ഉയര്‍ത്തിക്കാണിച്ച ഫോണിന്റെ ചിത്രം പരിശോധിച്ചിട്ടുണ്ടോ? യഥാര്‍ത്ഥ ബ്രാന്‍ഡ് നാമം എന്തോ ഒട്ടിച്ച് മറച്ച നിലയിലാണ് രണ്ട് പേരും ഉയര്‍ത്തിപ്പിടിച്ച ഈ ഫോണ്‍.

യഥാര്‍ത്ഥത്തില്‍ അഡ്‌കോം റീബ്രാന്‍ഡ് ചെയ്ത ഫോണാണ് ഫ്രീഡം 251. മൂന്ന് സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി വില്‍ക്കപ്പെടുന്നുവെന്നതാണ് മറ്റൊരു കാര്യം. മെയ്ക്ക്  ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ എന്നീ മോഡിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൂന്ന് പദ്ധതികളുടെ ഭാഗമായാണ് ഫോണ്‍ ഇറങ്ങുന്നത്. മോഡിയുടെ പദ്ധതികളായ സ്വച്ഛ് ഭാരത്, വിമണ്‍ സേഫ്റ്റി ആപ്പുകളും ഫോണില്‍ നേരത്തെ സെറ്റ് ചെയ്തിട്ടുണ്ടാകും.

നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്തോ തട്ടിപ്പ് മണക്കുന്നില്ലേ?

റിങ്ങിങ് ബെല്‍സ് അപകടമണിയോ?

നോയിഡയിലും ഉത്തരാഖണ്ഡിലുമായി 250-300 കോടി രൂപയുടെ നിക്ഷേപമുള്ള രണ്ട് ഉല്‍പാദന യൂണിറ്റുകള്‍ ഉണ്ടെന്നാണ് റിങ്ങിങ് ബെല്‍സ് അവകാശപ്പെടുന്നത്. അഞ്ച് ലക്ഷം ഫോണുകള്‍ പ്രതിമാസം ഉല്‍പാദിപ്പിക്കുന്ന മൂന്ന് യൂണിറ്റുകളും ഉടന്‍ തുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അഥവാ ഒരു മാസം തന്നെ അഞ്ച് യൂണിറ്റുകളില്‍ നിന്നായി 25 ലക്ഷം ഫോണുകള്‍ ഇറങ്ങും.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനിയും കേന്ദ്ര സര്‍ക്കാരും ഒരുമിച്ചാകും പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ക്ക് ധനസഹായമായി മോഡി പ്രഖ്യാപിച്ച തുകകളൊക്കെ ഓര്‍മയുണ്ടോ? ഫ്രീഡം 251 ഫോണിന്റെ ബാക്കി പണം ആരു വഹിക്കുമെന്ന് ഊഹിക്കാമല്ലോ. അഥവാ ചൈനീസ് ഫോണിനെ റീബ്രാന്‍ഡ് ചെയ്ത് ഇന്ത്യന്‍ ഉല്‍പന്നമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഒരു മെയ്ക്ക് ഇന്‍ ഇന്ത്യാ തട്ടിപ്പാണിത്.  മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ പോലെ തന്നെ വിദേശ നിര്‍മിതമാണ് ഈ ഫോണും.

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 30 ശതമാനം ഈ വര്‍ഷത്തോടെ പിടിച്ചെടുക്കുക എന്നാണ് കമ്പനിയുടെ ലക്ഷ്യം. വിലക്കുറവില്‍ അത് സാധ്യമെങ്കിലും ഫോണ്‍ നിര്‍മിക്കാനുള്ള വസ്തുക്കള്‍ക്ക് ഇതിലേറെ ചെലവ് വരും. സ്വാഭാവികമായും പദ്ധതി ചീറ്റും.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഫ്രീഡം 251 ബുക്ക് ചെയ്യാനാകും. ജൂണ്‍ 30 മുതലാകും ഇത് വിതരണം ചെയ്യുക. 251 രൂപ ചെറിയ ഒരു തുകയാണെങ്കിലും നാല് മാസത്തേക്ക് അത് തടയപ്പെട്ട് കിടക്കുമല്ലോ. അഥവാ, നിരവധി പേര്‍ ബുക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന കോടിക്കണക്കിന് രൂപ പണം കമ്പനിക്ക് നാല് മാസത്തേക്ക് ഒരു ലാഭവും നല്‍കാതെ വെറുതെ പിരിഞ്ഞുകിട്ടും. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു മെയ്ക്ക് ഇന്‍ ഇന്ത്യ ഫോണല്ല മറിച്ച് റീബ്രാന്റിങ് ഇന്ത്യ ഫോണാണെന്നെ പറയാനാകൂ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം