ഹനാന്‍റെ ജീവനെടുത്തത് സംശയരോഗം:ഒളിവിലായിരുന്ന ഭര്‍ത്താവ് നബീല്‍ അറസ്റ്റില്‍

കോഴിക്കോട്: ഹനാന്‍റെ മരണം ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍,ഹനാന്‍റെ ജീവനെടുത്തത് പൊതുവഴിയില്‍ വച്ച് പരസ്യമായി തല്ലിയ ഭര്‍ത്താവിന്‍റെ സംശയരോഗം. പെരുന്നാൾ ദിനത്തിൽ നന്തിബസാർ കാളിയേരി അസീസിന്റെ മകൾ ഹനാൻ (22)നെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് പിടികൂടി.വിളയാട്ടൂർ പൊക്കിട്ടാട്ട് നബീലി(27)നെ ആണ് വടകര ഡിവൈ.എസ്‌പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

ഹനാൻ ജീവനൊടുക്കാന്‍ കാരണം നബീലിന്റെ സംശയരോഗമാണെന്ന് പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.നബീലിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് നബീൽ പൊലീസിന്റെ പിടിയിലായത്. വടകര ഡിവൈ.എസ്‌പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം വെള്ളിയാഴ്ച രാത്രിയാണ് ഹനാനെ ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഹനാന്‍ മരണപ്പെടുകയായിരുന്നു. പരിശോധനയില്‍ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെയാണ് ഹനാന്റെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.

കോഴിക്കോട് ഫാറൂഖ് കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന ഹനാനും ഗള്‍ഫുകാരനായ നബീലും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. ഭര്‍ത്താവിന്റെ പീഡനം കാരണം ആറ് മാസത്തിലധികം ഹനാന് സ്വന്തം വീട്ടില്‍ നില്‍ക്കേണ്ടി വന്നിരുന്നു. അടുത്തിടെയാണ് നബീല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പെരുന്നാള്‍ ദിവസം ബന്ധുവീടുകളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ വഴിയില്‍വെച്ച് നബീല്‍ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ഒരു സ്ത്രീ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അതേദിവസം രാത്രി ഭര്‍തൃവീട്ടില്‍ വെച്ച് അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാത്ത്‌റൂമിന്റെ വാതില്‍ ശരിയാക്കിയതാണെന്നാണ് നബീലിന്റെ വീട്ടുകാര്‍ പറഞ്ഞത്. ഹനാന്‍ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാന്‍ കഴിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം