ജിഷ്ണുവിന്റെ മരണം; മാതാപിതാക്കള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിലേക്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിലാണ് സമരം. പാമ്ബാാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ചിട്ട് 90 ദിവസമായിട്ടും മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വളയത്തെ വീട്ടില്‍ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരുമടക്കം 15 ഓളം പേരാണ് തിരുവന്തപുരത്തേക്ക് തിരിച്ചിരിക്കുന്നത്. തങ്ങള്‍ സമരം നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യമുള്ള നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ അറസ്റ്റ് ചെയ്ത നടപടി പ്രസഹനമാണെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. കേസിലെ മൂന്നും നാലും പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ പ്രവീണ്‍ എന്നിവരെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴാത്തെ നീക്കം കണ്ണില്‍ പൊടിയിടലാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

  കഴിഞ്ഞമാസം 27ന് സമരം തുടങ്ങാനായിരുന്നു നേരത്തെ കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ഒരാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് മാതാപിതാക്കള്‍ താല്‍കാലികമായി പിന്‍മാറി. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല. രാവിലെ പത്ത് മണിക്ക് സമരം ആരംഭിക്കും. കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുളളത്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ സമരം സര്‍ക്കാരിനും തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം