ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ആര്‍ എസ് എസ് മതഭ്രാന്ത് പ്രചരിപ്പിച്ചാല്‍;നിലപാട് വ്യക്തമാക്കി പി ജയരാജന്‍

 

കണ്ണൂര്‍: “മഹത്ജന്മങ്ങള്‍ മാനവനന്മയ്ക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തി  അഷ്ടമി രോഹിണി ദിവസം ഈ വര്‍ഷവും സിപിഐഎം  സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കുന്നു . ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ആര്‍ എസ് എസ് മതഭ്രാന്ത് പ്രചരിപ്പിച്ചാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി പി ജയരാജന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌.

ആര്‍ എസ് എസ് നടത്തുന്ന ശോഭായാത്രയെ സിപിഐ(എം) തടസ്സപ്പെടുത്തുന്നു എന്ന സംഘപരിവാര്‍ വാദം വസ്തുതാ വിരുദ്ധമാണ്. ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ക്ഷേത്രസംരക്ഷണ സമിതിയും വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളല്ല. ജനങ്ങളില്‍ മതഭ്രാന്തും വര്‍ഗ്ഗീയതയും പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളാണ്.

ഹിന്ദു ഐക്യവേദിയാണ് കഴിഞ്ഞ മാസം ഗണേശോല്‍സവം എന്ന പേരില്‍ അക്രമം ആഹ്വാനം ചെയ്യുന്ന ഘോഷയാത്ര സംഘടിപ്പിച്ചത്.

“പടപൊരുതണം, കടലിളകണം, വെട്ടി തലകള്‍ വീഴ്ത്തണം,ചുടുചോര കൊണ്ട് നമ്മള്‍ ഇനി നടനമാടണം” എന്ന അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പാട്ടാണ് ഘോഷയാത്രയിലുടനീളം ഉപയോഗിച്ചത്.അവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ കൊലവിളികളായിരുന്നു.ഈ പാട്ടിന്‍റെ പിതൃത്വം ആര്‍ക്കാണെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കുമോ?

ഹിന്ദു ഐക്യവേദിയെ പോലുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ മതവിശ്വാസത്തിന്‍റെ ഭാഗമല്ല. മതഭ്രാന്ത് പടര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്.അതുവഴി അന്യമത-കമ്മ്യുണിസ്റ്റ് വിരോധമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.സമൂഹത്തില്‍ സംഘര്‍ഷ മുണ്ടാക്കാനുള്ള ഇത്തരം നീക്കങ്ങളെയാണ് സിപിഐ(എം) തുറന്നുകാണിക്കുന്നത്. അതില്‍ വിറളിപിടിച്ചിട്ട് കാര്യമില്ല.

അഷ്ടമി രോഹിണി ദിവസം ദശകങ്ങളായി വിശ്വാസികള്‍ ക്ഷേത്രങ്ങളിലാണ് പ്രത്യേക പൂജകളും ചടങ്ങുകളും നടത്താറുള്ളത്. വിശ്വാസികളെ തെരുവിലിറക്കിയത് സംഘപരിവാരമാണ്.

അതേ സമയം മതഭ്രാന്ത് പ്രചരിപ്പിക്കാനാണെങ്കില്‍ പോലും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ പേരില്‍ നടത്തുന്ന പരിപാടിയെ തടസ്സപ്പെടുത്തുന്ന സമീപനമല്ല സിപിഐ(എം)ന്‍റേത്. ഇത്തരം ഗൂഡനീക്കങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തുന്നത്. ഇത്തരം മതഭ്രാന്തശക്തികള്‍ക്കെതിരെ പ്രതികരിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കഴിഞ്ഞ ദിവസം വെടിവെച്ചു കൊന്നത് എന്ന കാര്യം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ഇതെല്ലാം സംബന്ധിച്ച് വിധിയെഴുതുന്നുണ്ട്.

“മഹത്ജന്മങ്ങള്‍ മാനവനന്മയ്ക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സെപ്തംബര്‍ 12 ന് സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ രണ്ട് ഘോഷയാത്രകളും സമാധാനപരമായി നടന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ആര്‍എസ്എസ് യാത്ര വിശ്വാസികളടക്കം ബഹിഷ്കരിച്ചതിന്‍റെ വിഷമം അവര്‍ക്ക് ഇതുവരെ മാറിയിട്ടില്ല.

ഈ വര്‍ഷവും അതുപോലെ ഘോഷയാത്രയില്‍ വിശ്വാസികള്‍ പങ്കെടുക്കില്ല എന്ന തോന്നലിന്‍റെ അടിസ്ഥാനത്തിലാണ് സിപിഐ(എം) തടയുന്നു എന്ന പ്രചരണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വരുന്നത്.ഇതിന്‍റെ യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയുക തന്നെ ചെയ്യും. ജാതിമത-കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ സാംസ്കാരിക സംഘടനകള്‍ നടത്തുന്ന ഘോഷയാത്രയില്‍ പങ്കെടുക്കും. മതഭ്രാന്ത ശക്തികള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടും.

പി ജയരാജന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം