അയിത്തത്തിനെതിരെ ഓണ്‍ലൈന്‍ ജേണലിസ്റ്റുകള്‍;പ്രസ് ക്ലബ് കോണിപ്പടിക്ക് താഴെ വിവേചനം സഹിച്ച് അപമാനിതരായി നില്‍ക്കേണ്ട അവസ്ഥ

ഓണ്‍ലൈന്‍ ജേണലിസ്റ്റുകള്‍ പ്രസ് ക്ലബ് കോണിപ്പടിക്ക് താഴെ .വിവേചനം സഹിച്ച് അപമാനിതരായി നില്‍ക്കുന്ന ജേണലിസ്റ്റുകള്‍ അയിത്തത്തിനെതിരെ ശബ്ദം ഉയർത്തുന്നു.
കെ പി റഷീദ് എഴുതുന്നു…. പണ്ട് ചാനലുകള്‍ വാര്‍ത്തയിലേക്ക് ഇറങ്ങി ചെന്ന് തുടങ്ങിയ കാലത്ത് വിഷ്വല്‍ മീഡിയ ജേണലിസ്റ്റുകള്‍ക്ക് പ്രസ് ക്ലബില്‍ പ്രകടമായ അയിത്തം ഉണ്ടായിരുന്നു. പ്രസ് ക്ലബ് എന്നാല്‍ പത്രക്കാര്‍ക്കുള്ളത് എന്നായിരുന്നു അന്നര്‍ത്ഥം. വാര്‍ത്തകള്‍ക്ക് പിന്നാലെ സദാസമയവും പായുന്ന ചാനലുകാരോട് മുടിഞ്ഞ പുച്ഛവുമായിരുന്നു. ചില പ്രസ് ക്ലബുകളിലൊക്കെ ന്യൂസ് റിലീസ് ഇടുന്ന ബോക്സ് ചാനലുകാര്‍ക്ക് അനുവദിച്ചിരുന്നു പോലുമില്ല.പിന്നെ ചില ചാനലുകള്‍ക്ക് ഇടം കിട്ടി. പുതുതായി വന്ന ചാനലുകള്‍ക്കോ ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇടം കിട്ടിയില്ല. എന്നാല്‍ അതും മാറി. പത്രം ഒരു മീഡിയ മാത്രം ആണെന്നും വാര്‍ത്താ ചാനലുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തക സമൂഹം എന്നുമുള്ള ബോധ്യങ്ങള്‍ ഉണ്ടായി. അത് കഴിഞ്ഞ് പ്രസ് ക്ലബുകളില്‍ ചാനലുകള്‍ക്ക് മുന്‍ കൈ പോലുമുണ്ടായി.ഈ കഥ ഇന്നോര്‍മ്മിച്ചത് ഹസ്ന എഴുതിയ പോസ്റ്റിലെ വരികള്‍ കണ്ടപ്പോള്‍ ആണ്. ഓണ്‍ ലൈന്‍ ജേണലിസ്റ്റുകള്‍ക്ക് ഇടം കൊടുക്കാത്ത പ്രസ് ക്ലബുകളെ കുറിച്ച്. പ്രസ് ക്ലബ് എന്നാല്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മാത്രം ഉള്ളതാണെന്ന അബദ്ധ ധാരണയെ കുറിച്ച്. രസം എന്താണെന്ന് വച്ചാല്‍ പണ്ട് തൊട്ടുകൂടാത്തവരായിരുന്ന ചാനല്‍ ജേണലിസ്റ്റുകളില്‍ പോലും ഈ മനോഭാവം ഉണ്ടെന്നതാണ്. ഒരേ ജോലി ചെയ്യുന്ന കുറച്ച് പേരെ തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്തുന്ന ഈ ഏര്‍പ്പാട് ക്രൂരമാണ്. അത് മാറേണ്ടതാണ്.ജേണലിസ്റ്റ് യൂനിയന്‍ ആണിതിന് മുന്‍ കൈ എടുക്കേണ്ടത്. ഓണ്‍ലൈന്‍ ജേണലിസ്റ്റുകള്‍ക്ക് പ്രവേശനം ഇല്ലാത്ത ഇടങ്ങള്‍ തുറപ്പിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നാഞ്ഞു പിടിച്ചാല്‍ മതിയാകും. പത്രത്തിലും ചാനലിലും വന്നത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ മാത്രം ആളു വായിക്കുകയും കാണുകയും ചെയ്യുന്ന കാലത്ത് ഞാന്‍ കൂവിയില്ലെങ്കില്‍ നേരം വെളുക്കില്ലെന്ന് കരുതുന്നവരെ ഉണര്‍ത്താന്‍ എളുപ്പമാണ്.പ്രസ് ക്ലബിന്റെ കോണിപ്പടിക്ക് താഴെ, വിവേചനംസഹിച്ച് അപമാനിതരായി നില്‍ക്കേണ്ടതല്ല ഓണ്‍ലൈന്‍ ജേണലിസ്റ്റുകള്‍. അങ്ങനെ കീഴ്വ്ഴക്കം ഉണ്ടെങ്കില്‍ അത് തകര്‍ക്കേണ്ട നേരമാണിത്….കൂടുതല്‍ അറിയാന്‍ ഹസ്ന എഴുതിയ കുറിപ്പ് വായിക്കൂ...ഡബള്യൂസിസിയുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനായി പ്രസ്സ്‌ക്ളബ്ബില്‍ പോയിരുന്നു. പതിവ്പോലെ അങ്ങോട്ടേക്കുള്ള കോണിപ്പടികളുടെ താഴെ നില്‍ക്കാന്‍ മാത്രമേ ഉദ്ദേശമുണ്ടായിരുന്നൊള്ളൂ, അത് കഴിഞ്ഞ് അകത്തേക്ക് പ്രവേശനമില്ലെന്നത് തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്.ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറിച്ചെല്ലാന്‍ അവകാശമില്ലാത്ത അവിടെ മൂന്നോ നാലോ സമാന ‘അയിത്തക്കാര്‍ക്കൊപ്പം’ രണ്ട് മണിക്കൂറിലധികം കാത്ത് നില്‍ക്കുമ്‌ബോള്‍ വലിയ അപമാനവും വിവേചനവുമൊക്കെ അനുഭവപ്പെട്ടിരുന്നു. ഇടക്കെങ്ങോ അകത്ത് കയറിപ്പറ്റിയ ഒരാള്‍ക്ക് പകുതിയില്‍ ഇറങ്ങിപ്പോരേണ്ടി വന്നത് കണ്ടപ്പോളത് ഇരട്ടിച്ചു.പത്രസമ്മേളനം കഴിഞ്ഞ് ഡബ്ളിയുസിസിക്കാരും അവര്‍ക്ക് മുമ്‌ബേ മാധ്യമപ്രവര്‍ത്തകരും ഇറങ്ങിവരുമ്‌ബോള്‍ സത്യം പറഞ്ഞാല്‍ എന്താണ് അതിനകത്ത് പറഞ്ഞത് എന്നതിനെ പറ്റിപോലും നമുക്ക് വലിയ ധാരണയില്ല. കല്യാണവീട്ടിലൊക്കെ അവസാനപന്തി കഴിഞ്ഞ് പുറത്തേക്ക് കൊടുക്കുന്ന ഭക്ഷണം കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥയെന്ന് തന്നെയാണ് തോന്നിയത്.ഈ നോ എന്‍ട്രിയിലല്ല ഇപ്പോള്‍ ഊന്നുന്നത്. അകത്തിരുന്നിരുന്ന ആ പ്രിവിലേജ്ഡ് ആണ്‍കൂട്ടത്തിന്റെ കൊത്തിപ്പറിക്കലിന്റെ ഒപ്പം ഇരിക്കേണ്ടി വന്നില്ല എന്ന ആശ്വാസമാണ്. പെണ്ണുങ്ങള് മിണ്ടുമ്‌ബോ മാത്രം ഉണ്ടാകുന്ന തരം വാശിയോടെയും തോപ്പിക്കാനുള്ള ഊറ്റത്തോടെയുംആ ആണ്‍മാധ്യമജോലിക്കാര്‍ ഇടപഴകുന്നത് അസ്വസ്ഥതയോടെ സഹിക്കേണ്ടി വരാത്തതിലും ഞാനക്കൂട്ടത്തില്‍, ആ ചോദ്യക്കാരുടെ വശത്തില്‍ ഇരിക്കാനുണ്ടാകാഞ്ഞതിലും അഭിമാനവും.ഞങ്ങളെ കയറ്റാത്ത ആ തമ്ബ്രാക്കന്മാരുടെ ആണഹന്തയെ അവിടെ വെച്ച് എതിര്‍ക്കാനുള്ള സാമൂഹികമൂലധനത്തിന്റെ ഇല്ലായ്മയെ പറ്റി നല്ല ബോധ്യമുണ്ട്.നാരദാ ന്യൂസ് മുൻ ലേഖകനും തത്സമയം പത്രത്തിന്റെ സബ് എഡിറ്ററുമായ പ്രതീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. 5 വർഷത്തോളമായി ഓണ്ലൈൻ മീഡിയയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. വാർത്ത റിപ്പോർട് ചെയ്യാൻ പോകുമ്പോഴാണ് ഒരേ ഫീൽഡിൽ ജോലി ചെയ്യുന്നവരുടെ തരംതാഴ്ത്തലുകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. രണ്ടു അനുഭവങ്ങൾ പറയാം.

1. 2016 ൽ ചുംബന തെരുവ് എന്ന സമരം കവർ ചെയ്യാൻ ഞാനും സഹപ്രവർത്തകൻ പ്രതീഷും ( Pratheesh Prasad) കൂടി കോഴിക്കോട് എത്തി. ദി ഇന്ത്യൻ ടെലഗ്രാം എന്ന സ്ഥാപനത്തിൽ ആയിരുന്നു അന്ന് ജോലി. ഓണ്ലൈൻ പോർട്ടലുകളിൽ വിഷ്വൽ സ്റ്റോറികൾ ഇന്നത്തെ പോലെ സാധാരണമല്ലാത്ത കാലം. മൈക്ക് ഐഡിയും ക്യാമറയും അടക്കമുള്ള സംവിധാനങ്ങളുമായി ഞങ്ങൾ പണി തുടങ്ങി.

സമരം തടയാനെത്തിയ ഹനുമാന് സേനക്കാരെ സംരക്ഷിച്ചും സമരക്കാരെ അറസ്റ്റ് ചെയ്തും പോലീസ് അവരുടെ ജോലിയും തുടങ്ങി. ഈ ദൃശ്യങ്ങൾ പ്രതീഷ് ക്യാമറയിലും ഞാൻ മൊബൈലും പകർത്തിയപ്പോൾ തൊട്ട് പ്രശ്നങ്ങൾ തുടങ്ങി. കൂടെ പണിയെടുത്തുകൊണ്ടിരിക്കുന്ന ഫോട്ടോഗ്രാഫർമാരും ക്യാമറാമാൻമാരുമാണ് ആദ്യം ചോദ്യം ചെയ്യാൻ തുടങ്ങിയത്. ഓണ്ലൈൻ ജേർണലിസ്റ്റ് ആണെന്നും സ്ഥാപനത്തിന്റെ പേരും പറഞ്ഞു. ഓരോന്നു ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഒന്നൊരു ചേട്ടന്. നിങ്ങൾ ചെയ്യുന്ന അതേ പണിയാണ് ഞാനും എടുക്കുന്നത് എന്നു പറഞ്ഞു പണി തുടർന്നു.

സമരക്കാരെ അറസ്റ്റ് ചെയ്തു പണിയെല്ലാം തീർന്നിരുന്ന പോലീസ് ഇനിയരെ അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അമൃതയിൽ ജോലി ചെയ്യുന്ന ചേട്ടനാണെന്നു തോന്നുന്നു നമ്മളെ ചൂണ്ടിക്കാട്ടുന്നത്. സമരക്കാരുടെ കൂടെ വന്നതാണ് എന്നായിരുന്നു അയാൾ പറഞ്ഞത്.
ഐഡി കാർഡും മൈക്ക് ഐഡിയും കാണിച്ചു പോലീസിനോട് തർക്കിച്ചു. കോഴിക്കോട്ടെ പത്രക്കാർക്ക് നടുവിലാണ് നിക്കുന്നതെന്നു ഓർക്കണം. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് പറഞ്ഞിട്ടും
എന്നെയും പ്രതിഷിനെയും പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. ഒരു പ്രഖ്യാപിത ജോണോകളും ഞങ്ങൾക്ക് വേണ്ടി സംസാരിച്ചില്ല.

2. നടി പീഡിപ്പിക്കപ്പെട്ടത്തിന്റെ പിറ്റേന്ന് സിനിമാക്കാരെല്ലാം അനുശോചിക്കാൻ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒത്തുകൂടിയത് നാരദ യ്ക്ക് വേണ്ടി ലൈവ് ചെയ്യുകയായൊരുന്നു ഞാൻ. ഫേസ്ബുക് ലൈവുകളുടെ തുടക്കകാലം ആയതിനാൽ വളരെ കുറച്ചു പേരെ മൊബൈലുമായി ഉണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങി, പെട്ടെന്ന് പുറകിൽ നിന്നൊരുത്തൻ എന്നെ തള്ളിമാറ്റി. ‘ലൈവാണ് മറിനിക്ക്’- എന്നൊരു ഡയലോഗും. ഞാനിവിടെ ഓട്ടോഗ്രാഫ് വാങ്ങാൻ വന്നതല്ല, നീയെടുക്കുന്ന അതേ പണി തന്നെയാണ് ഞാനും ചെയ്യുന്നതെന്ന് മറുപടി കൊടുത്തിട്ടും ദേഷ്യം തീർന്നിട്ടില്ല. ഇപ്പോഴും.

സമാന്തര ഓണ്ലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇതിൽ കൂടുതൽ അനുഭവിച്ചിട്ടുണ്ടാകും.

ഏറി വന്നാൽ 15 -20 വർഷം മാത്രം ചരിത്രമുള്ള മാധ്യമ ശാഖയാണ് ഓണ്ലൈൻ. ശരിക്കും പറഞ്ഞാൽ ശൈശവ ഘട്ടത്തിലാണ് മലയാള ഓണ്ലൈൻ മേഖല. ഒരു പത്രത്തിൽ ജോലി ചെയ്യുന്ന ട്രെയിനിക്ക് ലഭിക്കുന്ന പ്രിവിലെജുകൾ പോലും ഒരു ഓണ്ലൈൻ മാധ്യമ പ്രവർത്തകന് ലഭിക്കുന്നില്ല. അങ്ങേയറ്റം തൊഴിൽ ചൂഷണവും അരക്ഷിതാവസ്ഥയിലുമാണ് 90 % പേരും ജോലി ചെയ്യുന്നത്. 8000- 15000 രൂപ വരെയാണ് കൂടുതൽ പേർക്കും ശമ്പളമായി ലഭിക്കാറുള്ളത്.

പരിചയപ്പെടുമ്പോഴോ പരിചയം പുതുക്കുമ്പോഴോ സ്ഥിരം ഉത്തരം നൽകുന്ന ചോദ്യമുണ്ട്. എവിടാണ് ഇപ്പൊ ജോലി.? അപ്പൊ നമ്മൾ പറയും ഇന്നായിടത്താണെന്ന്. ഓ.. ഓണ്ലൈൻ ആണല്ലേ.. അങ്ങനെ ഒരു മറുപടി ആണ് പലയിടത്തുനിന്നും കിട്ടാര്. മറ്റു ചിലർ നിഷ്‌കളങ്കമായി ചോദിക്കും.
“അതെന്താ പത്രത്തിലും ചനലിലുമൊന്നും നോക്കാത്തത്.?”

പത്രത്തിലും ചാനലിലും ഒന്നും ജോലി കിട്ടാത്തവരാണ് ഓണ്ലൈനില് ജോലിക്ക് വരുന്നതെന്നാണ് മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ വിചാരം ( എല്ലാവരെയും ഉദ്ദേശിച്ചല്ല).

ഇതിൽ കാര്യം പറഞ്ഞാൽ മനസിലാകുന്നവരോട് നമ്മൾ വ്യക്തമായി പറയാറുണ്ട്.

പത്രത്തിലും ചാനലിലും ജോലി കിട്ടാഞ്ഞിട്ട് അല്ല ഈ മേഖല തെരഞ്ഞെടുത്തത്. നാളെ പത്രത്തെയും ചാനലിനെയും പിന്നിലാക്കി ഒന്നാമത്തെ മീഡിയ ആയി മാറും. ഓണ്ലൈന്റെ സാധ്യത നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്.

നമ്മളിവിടെ തന്നെ സർവൈവ് ചെയ്യും, ആരൊക്കെ മാറ്റി നിർത്തിയാലും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം