ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി മത്സ്യ തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയിരിക്കുകയാണ്.കടലില്‍ നിന്ന് നാവികസേന ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹവുമായി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തി.  ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9 ആയി.

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ്. അമിനി, മിനിക്കോയി ദ്വീപുകളുടെ ഇടയ്ക്കാണ് ഇപ്പോള്‍ കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് തീരം വിട്ടാലും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകും.

അതേസമയം ലക്ഷദ്വീപില്‍ കാറ്റും മഴയും കുറഞ്ഞിട്ടുണ്ട്. ഇടവിട്ട് മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിനിക്കോയ് ലൈറ്റ്ഹൗസിന്റെ ജനല്‍ പൊട്ടിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരായ സുജിത്തും പോളും ഒറ്റപ്പെട്ട നിലയിലാണ്. ഇവർക്കു ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷണം കിട്ടണമെങ്കില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കണം. എന്നാൽ മരങ്ങള്‍ വീണതിനാല്‍ യാത്ര സാധിക്കുന്നില്ലെന്നും ഇവർ അറിയിച്ചു. കവരത്തി ബീച്ചിന്റെ വശങ്ങളിൽ മരങ്ങള്‍ വീണു വഴി ഇല്ലാതായി. കവരത്തിയില്‍ കടലിനോട് ചേര്‍ന്നുള്ള ഫാം ഹൗസില്‍നിന്ന് മൃഗങ്ങളെ മാറ്റി. കല്‍പേനി ഹെലിപാഡ് മുങ്ങി.

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് ലക്ഷദ്വീപിൽ ചുഴലിക്കാറ്റ് വീശിയത്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. മിനിക്കോയിൽ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു.

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന കപ്പൽ ചുഴലിക്കാറ്റിനെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. ഇവർക്കു ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്ന നിലപാടിലാണ് അധികൃതരെന്നാണു വിവരം. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ കുടുങ്ങിയത് 102 പേരാണ്.

രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കൽപേനി ദ്വീപുകളിൽ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അറിയിച്ചു. കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപിൽ ശനിയാഴ്ച 190 കി.മീ. വേഗത്തിൽ വരെ കാറ്റിനു സാധ്യതയുണ്ട്. കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടർന്നു സ്വീകരിച്ച നടപടികൾ രക്ഷാദൗത്യം വേഗത്തിലാക്കാൻ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയിൽ മുങ്ങിപ്പോയ ഉരുവിൽനിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിൽ ചർച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിൽനിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമർദം മാത്രമായി മാറും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം