കമ്മ്യുണിസ്റ്റ് പച്ച മനുഷ്യന്‍; കൂത്തുപറമ്പിന്‍റെ സഖാവ് മാധവേട്ടൻ ഇനിയില്ല…….

കണ്ണൂര്‍ : കമ്മ്യുണിസ്റ്റ് പച്ച മനുഷ്യന്‍ കൂത്തുപറമ്പിൽ സഖാവ് മാധവേട്ടൻ ഇനിയില്ല. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നു പോവുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത് . ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം ഇന്ന് രാവിലെ വിട പറഞ്ഞു.

സി.പി.ഐ.എം എന്ന പ്രസ്ഥാനത്തെ മറ്റെന്തിനെക്കാളും നെഞ്ചോട് ചേർത്ത് വച്ച പച്ച മനുഷ്യനായിരുന്നു  മാധവേട്ടൻ. തന്റെ രാഷട്രീയ പാർട്ടിയെ തമാശയ്ക്ക് പോലും മറ്റുള്ളവർ വിമർശിക്കുന്നത് മാധവേട്ടന് സഹിക്കുമായിരുന്നില്ല. തന്നാൽ കഴിയുന്ന ശക്തിയിൽ അത്തരം വാദങ്ങൾ എതിർക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.

ശാരീരിക പ്രയാസങ്ങൾ ഒരു പാട് ഉണ്ടായിട്ടും മാധവേട്ടനെ പതിവായി കൂത്തുപറമ്പിൽ കാണാമായിരുന്നു. പാർട്ടിയുടെ പ്രകടനത്തിന് മറ്റാരേക്കാളും ഊർജ്ജ സ്വലതയോടെ അദ്ദേഹം അണിചേരും പൊതു സമ്മേളനങ്ങളിൽ മുൻ നിരയിൽ തന്നെ ഇരിപ്പുറപ്പിക്കും.

തന്റെ നേതാക്കളെ എന്തെന്നില്ലാത്ത ആവേശത്തിൽ ശ്രവിക്കും.പാർട്ടി എ.സി ഓഫീസിലെ നിത്യ സന്ദർശകനായിരുന്നു മാധവേട്ടൻ.പത്രങ്ങൾ അരിച്ച് പെറുക്കി വായിക്കുന്നത് കാണാം തന്നെക്കാൾ താൻ സ്നേഹിക്കുന്ന തന്റെ പാർട്ടിയുടേയും നേതാക്കളുടെയും പ്രസ്താവനകളും സമര വാർത്തകളും വായിച്ച് അനുഭാവം പ്രകടിപ്പിക്കുന്ന ഒരു പച്ച മനുഷ്യനെ പലപ്പോഴും നോക്കിക്കണ്ടിട്ടുണ്ട്.

കൂത്തുപറമ്പിന്റെ വിപ്ലവ ഭൂമികയിൽ ഇങ്ങനൊരു മനുഷ്യനെപ്പറ്റി വല്ലാതെ അദ്ഭുതപ്പെട്ടിട്ടുണ്ട്.

സി.പി.ഐ.എം എന്ന പാർട്ടി ഒരു മനുഷ്യനെ എത്രത്തോളം ആകർഷിക്കും എന്നതിന് ഉദാഹരണമാണ് മാധവേട്ടൻ. ഒരു രാഷ്ട്രീയ പാർട്ടി സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പാവം മനുഷ്യനോട് എത്രത്തോളം ചേർന്ന് നിൽക്കും എന്നതിന് ഉദാഹരണമാണ് ആ ജീവിതം .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം