തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപ്പയെ തുടര്‍ന്നല്ല;രോഗം ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചു.

നേരത്തെ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ റോജ മരണപ്പെടുകയായിരുന്നു.

നെഗറ്റീവ് റിസല്‍റ്റ് വന്നയാള്‍ മരിച്ചത് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പിന്നീട് വീണ്ടും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. അതേസമയം നിപ വൈറസ് വസൂരിയോ എബോളയോ മീസില്‍സോ പോലെയുള്ള ദുരന്തമാകില്ലെന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ ജി. അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

ആദ്യം രോഗം ബാധിച്ചയാളില്‍ നിന്നു പകര്‍ന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളില്‍ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്ക് വെളിയില്‍ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നിരീക്ഷണത്തിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് പ്രധാനമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

രോഗം ഇപ്പോഴും നിയന്ത്രണവിധേയമാണ്.

ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച അതേ മാതൃകയില്‍ തന്നെയാണ് രോഗബാധ. അതിനാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ തന്നെ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കുകയാണ് വേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം