മരണവൈറസില്‍ നിന്ന് ജീവതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നവര്‍ക്ക് നന്ദി പറഞ്ഞ് അജന്യയും ഉബീഷും

കോഴിക്കോട്:ഭീതിജനകമായ ദിവസങ്ങള്‍ തരണം ചെയ്ത് അജന്യയും ഉബീഷും ജീവിതത്തിലേക്ക് തിരിച്ചു വന്നു .കോളജില്‍ നഴ്‌സിങ് പഠനത്തിന്റെ ഭാഗമായി പരിശീലനത്തിനു വന്നപ്പോഴാണ് കോഴിക്കോട് സ്വദേശിയായ അജന്യ എന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിക്കു രോഗികളില്‍ നിന്നും നിപ്പാ പകര്‍ന്നത്.പത്തു ദിവസത്തോളം അജന്യ അബോധാവസ്ഥയിലായിരുന്നു.

അവിടെ നിന്നാണ് വീണ്ടും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി തിരിച്ചുവന്നത്. നിപ്പായുടെ രാക്ഷസ പിടിയില്‍ നിന്നും കുതറിയോടി  ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഉബീഷും വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ച ജീവിതമാണ് മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷിനും പറയാനുള്ളത്. രണ്ട് മക്കളുള്ള ഉബീഷിന്റെ ഭാര്യ നിപ്പാ വന്ന് നേരത്തെ മരിച്ചിരുന്നു.

റിബാവൈറിന്‍ എന്ന മരുന്നു നല്‍കിയാണ് ഇവരെ ചികിത്സിച്ചത്. നിപ്പായില്‍ നിന്നും രക്ഷപ്പെട്ട അപൂര്‍വം മനുഷ്യരിലെ രണ്ടു പേരാണിവര്‍. അജന്യയെ ഇന്നും ഉബീഷിനെ 14നും ഡിസ്ചാര്‍ജ് ചെയ്യും. ഒരു മാസം ജാഗ്രതക്കായി നിരീക്ഷിക്കുക മാത്രം ചെയ്യും.

വീട്ടിലേക്ക് മടങ്ങുന്നതിന്റെ ആശ്വാസത്തിലും നഷ്ടപ്പെട്ട ഭാര്യയുടെ ഓര്‍മകള്‍ മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ സ്വദേശിയായ ഉബീഷിനെ നൊമ്പരപ്പെടുത്തുന്നു. വൈറസ് വിട്ടൊഴിഞ്ഞ ശേഷം അച്ഛന്‍ ഉണ്ണികൃഷ്ണനും ആശുപത്രിയില്‍ കൂടെയുണ്ട്. മരണവൈറസിന്റെ പിടിയില്‍നിന്നും രക്ഷിച്ച എല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ഉബീഷ് പറഞ്ഞു.

‘എല്ലാവരോടും നന്ദി. സര്‍ക്കാരിനോടും ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പറഞ്ഞാല്‍ തീരില്ല. എന്റെ ജീവന്‍ അവരെല്ലാം ചേര്‍ന്ന് തിരിച്ചു തന്നു. ഒത്തിരി സന്തോഷം. ഇനി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കണം. പിന്നെ നഴ്‌സിന്റെ വെള്ളക്കുപ്പായമണിഞ്ഞ് സേവനത്തിനായി സമര്‍പ്പിക്കണം’ ജീവിതത്തിലേക്ക് തിരുച്ചു വന്നതിന്റെ സന്തോഷം അജന്യയും മറച്ചുവച്ചില്ല.

24 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മടങ്ങുന്ന ഇരുവര്‍ക്കും ആത്മവിശ്വാസവും ആശംസയും നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഞായറാഴ്ച വൈകിട്ട് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയിരുന്നു.

നേരത്തെ പോസിറ്റീവ് ആയി ഇപ്പോള്‍ പൂര്‍ണ രോഗമുക്തരായ ഇവരെ സുരക്ഷാ വസ്ത്രം അണിയാതെയാണ് മന്ത്രിയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും നേരില്‍ക്കണ്ട് സംസാരിച്ചത്. ഒരാഴ്ച വീട്ടില്‍ പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസം ഇവര്‍ക്ക് മറ്റു അസുഖങ്ങള്‍ വരാതെ നോക്കാന്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിപ്പാ വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായതായി മന്ത്രി നേരത്തേ അറിയിച്ചിരുന്നു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരും. നിപ്പാ കേസുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം