നിപ വൈറസ് ബാധിതരുടെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവുകള്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് 2,400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കും നിത്യോപയോഗ റേഷന്‍ കിറ്റ് ലഭ്യമാക്കും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത് സംബന്ധിച്ച് നടപടിയെടുക്കുക.

നിപ്പയെ കുറിച്ച് നിലവില്‍ ആശങ്ക വേണ്ട. എന്നാല്‍ ജാഗ്രത തുടരണം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കണം. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഇവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പകര്‍ച്ച വ്യാധികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം