ഇനി ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ന്യൂ ജനറേഷന്‍ വെബ്‌സൈറ്റ്

irctc
കാസര്‍കോട്: ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ഇനി പുതിയ ഒരു വെബ്സൈറ്റ് കൂടി. ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി നിലവിലുള്ള ഐ.ആര്‍.സി.ടി.സി. തന്നെയാണ് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. മിനിറ്റില്‍ ഏഴായിരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന തരത്തിലാണ് ഈ ന്യു ജനറേഷന്‍ സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. നേരത്തേ രണ്ടായിരം ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിച്ചിരുന്ന വെബ്‌സൈറ്റ് പുതുക്കിയതോടെ എസ്.ബി.ടി., കനറ ബാങ്ക് ഉള്‍പ്പെടെയുള്ളവ ഐ.ആര്‍.സി.ടി.സി. സൈറ്റില്‍നിന്ന് പുറത്തായി.

നൂറുകോടി രൂപ ചെലവിലാണ് പുതിയ സംവിധാനം. 2.5 കോടി യൂസര്‍മാരുള്ള ഐ.ആര്‍.സി.ടി.സി.യിലൂടെ ദിവസം നാലു ലക്ഷം ബുക്കിങ്ങുകളാണു നടക്കുന്നത്. ഉപയോക്താക്കാളെ മുഴുവനായും പുതിയ വെബ്‌സൈറ്റിലേക്കു മാറ്റുന്നത് അവസാനഘട്ടത്തിലാണ്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ അപ്‌ഗ്രേഡ് ചെയ്ത പേജിലേക്കാെണത്തുക. ഉപയോക്താക്കള്‍ പൂരിപ്പിക്കുന്ന വിവരങ്ങള്‍ പുതിയ വെബ്‌സൈറ്റില്‍ യഥാസമയം സേവ് ചെയ്യപ്പെടും. ബുക്കിങ് പൂര്‍ത്തിയാകുന്നതിനു മുമ്പ് സൈറ്റുമായുള്ള കണക്ഷന്‍ നഷ്ടമായാലും പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പഴയ വിവരങ്ങള്‍ വീണ്ടും പൂരിപ്പിക്കേണ്ട ആവശ്യമില്ല. പുതിയ വെബ്‌സൈറ്റ് രണ്ടുമാസത്തിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. ഇതോടെ തത്കാല്‍ ബുക്കിങ്ങിന്റെ ആദ്യമണിക്കൂറില്‍ 40,000 ബുക്കിങ് എന്നത് 60,000 ആയി ഉയരും.

എന്നാല്‍ പുതിയ വെബ്‌സൈറ്റിലേക്കു മാറിയതോടെ എസ്.ബി.ടി., കനറ തുടങ്ങിയ ബാങ്കുകളുള്‍പ്പെടെ ഏതാണ്ട് ഇരുപതോളം ബാങ്കുകള്‍ പുറത്തായി. ബുക്കിങ്ങിനൊടുവില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണമടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് ബാങ്കുകളുടെ ലിങ്കുകള്‍ അപ്രത്യക്ഷമായ വിവരമറിയുക. നേരത്തേ അമ്പതോളം ബാങ്കുകളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്താമായിരുന്നു. ഇപ്പോള്‍ 21 ബാങ്കുകള്‍ മാത്രമാണ് ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലുള്ളത്

എസ്.ബി.ടി.യുടെ ലിങ്ക് കിട്ടുന്നില്ലെന്നുള്ളത് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സെല്‍ സ്ഥിരീകരിച്ചു. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതുമൂലമാണിതെന്ന് അധികൃതര്‍ പറഞ്ഞു. എസ്.ബി.ടി.യുടെ ടെസ്റ്റ് റണ്‍ പൂര്‍ത്തിയായി. എസ്.ബി.ടി.യുള്‍പ്പെടെയുള്ള ബാങ്കുകളെ എസ്.ബി.ഐ. അസോസിയേറ്റ് ബാങ്കുകള്‍ എന്ന യൂണിറ്റിലാണ് ഐ.ആര്‍.സി.ടി.സി. ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബാങ്കുകളുടെയെല്ലാം ടെസ്റ്റ് റണ്‍ പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ എസ്.ബി.ടി.യും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം