ഈ ജന്മം ഇനി കെവിന്‍റെ വിധവയായി ജീവിക്കും ; ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചു പോവില്ല;നീനു പറയുന്നു

കോട്ടയം : പ്രണയവിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവിനെ കൊലചെയ്ത സംഭവത്തില്‍ സഹോദരനെതിരെ കടുത്ത ആരോപണവുമായി കെവിന്റെ ഭാര്യ നീനു. തന്റെ സഹോദരന്‍ കെവിനെ ഒരിക്കലും കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

വീട്ടുകാരുടെ അറിവോടെ തന്നെയാണ് കൊല നടത്തിയതെന്നും നീനു പ്രതികരിച്ചു. താഴ്ന്ന സാമ്പത്തിക ചുറ്റുപാടും തന്റെ ജാതിയേക്കാള്‍ താഴ്ന്ന ജാതിയുമായതിനാല്‍ കെവിനുമായുള്ള ബന്ധം തുടക്കം മുതലെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പല തവണ വീട്ടിലേക്ക് തിരികെയെത്തണമെന്ന് മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടിരുന്നു.

കെവിന്റെ കൂടെ നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും വെട്ടിക്കൊല്ലുമെന്നും മാതാവിന്റെ സഹോദരി പുത്രനായ കസ്റ്റഡിയിലുള്ള നിയാസ് പലതവണ ഭീഷണിപ്പെടുത്തിയതായും നീനു പറഞ്ഞു. മരണവാര്‍ത്ത വന്നതിനു ശേഷം വീട്ടുകാര്‍ അവിടേക്ക് മടങ്ങി ചെല്ലാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് അവിടേക്ക് ചെല്ലാന്‍ ആഗ്രഹമില്ലെന്നും. ഇനിയുള്ള കാലം കെവിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും നീനു പ്രതികരിച്ചു.

പ്രണയവിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെടുക്കുന്നത്. അതിനു ശേഷം ഇതാദ്യമായാണ് നീനു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കെവിന്റെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് അവരറിയാതെ ഇതൊക്കെ എങ്ങനെ നടക്കുമെന്നായിരുന്നു നീനു പ്രതികരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം