തിരുവനന്തപുരത്ത് ശാസ്ത്രക്രിയാ ഉപകരണം വയറ്റില്‍ മറന്നു വച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

tvmതിരുവനന്തപുരം: യൂട്രസ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഉപകരണം മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച റേഡിയോ ഒപെക് ക്ലിപ് മറന്നു വെയ്ക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ശസ്ത്രക്രിയക്ക് മണിയ്ക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കണക്കെടുത്ത ആശുപത്രി അധികൃതര്‍ക്ക് ഒരു ഉപകരണം കാണാനില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് രോഗിയെ ആശുപത്രി അധികൃതര്‍ പുറത്ത് സ്വകാര്യ ലാബില്‍ കൊണ്ടുപോയി എക്‌സ് റേ പരിശോധനയ്ക്ക് വിധേയയാക്കി. ഉപകരണം വയറ്റിലുണ്ടെന്ന് മനസ്സിലായതോടെ എക്‌സ് റേ പുറത്തുകാണിക്കാതെ രോഗിയെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

തൊളിക്കോട് ഇരുതലമൂല റോഡരികത്ത് വീട്ടില്‍ അബ്ദുള്‍ ഹമീദിന്റെ ഭാര്യ ലൈല ബീവിയാണ് (45) ഡോക്ടറുടെ അനാസ്ഥമൂലം നരകിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ 15 നാണ് ഇവര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായത്. 18ന് രാവിലെയായിരുന്നു ശസ്ത്രക്രിയ.നാല്‍പത് മിനിറ്റ് മാത്രമെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ എടുക്കുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ മണിയ്ക്കൂറുകള്‍ എടുത്തു.ലൈലാ ബീവിയെ ശസ്ത്രക്രിയക്ക് ശേഷം കയറ്റിയ രോഗികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടും ഇവരെ പുറത്തിറക്കിയിരുന്നില്ല. ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ശസ്ത്രക്രിയ പൂര്‍ത്തിയായ രോഗിയെ ഓപറേഷന്‍ മുറിയില്‍ നിന്നും പുറത്തിറക്കുവാന്‍ അധികൃതര്‍ തയ്യാറായത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി പ്രവേശിപ്പിച്ച രോഗിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളില്‍ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കുകയായിരുന്നു. എട്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലൈലാ ബീവി ആരോഗ്യം വീണ്ടെടുത്തു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ഏറെ ഗുരുതരമാണ്. ഇത്തരത്തില്‍ ഒരു രോഗിയും വരും നാളുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുവാന്‍ പാടില്ല. ഡോക്ടര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്നു വിഷയം വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് സി.പി.ഐ നേതാവും എച്ച്.ഡി.എസ് മെമ്പറുമായ പി.കെ.രാജു പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം