ജിഷ്ണുവിന്‍റെ ആത്മഹത്യക്ക് പിന്നില്‍ മാനസിക പീഡനം; കോളേജ് അധികൃതര്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കി; അധികൃതര്‍ക്കെതിരായ വിദ്യാര്‍ഥികളുടെ മൊഴി ട്രൂവിഷന്

തൃശൂര്‍: കോഴിക്കോട് നാദാപുരം  സ്വദേശി ജിഷ്ണു പ്രണോയ് (18)ന്റെ ആത്മഹത്യക്ക് പിന്നില്‍ കോളേജ് അധ്യാപകരുടെയും അധികൃതരുടേയും മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍. ജിഷ്ണുവിന്റെ സഹപാടികളുടെ മൊഴി ട്രൂവിഷന്. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കോളേജ് അധികൃതരുടെ മാനസിക പീഡനമെന്ന് സൂചന. യൂനിവേര്‍സിറ്റി പരീക്ഷയില്‍ അടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കി എഴുതി എന്ന് ആരോപിച്ചായിരുന്നു പീഡനമെന്ന് സൂചന.

   സംഭവത്തെക്കുറിച്ചു സഹപാഠികള്‍ പറയുന്നതിങ്ങനെ: ഇന്നലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു യൂണിവേഴ്‌സിറ്റി പരീക്ഷയുണ്ടായിരുന്നു. പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പറില്‍ നോക്കിയെഴുതി എന്നാരോപിച്ചു പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതിനു ശേഷം ഓഫീസലെത്തി ഡീബാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കോപ്പിയടിച്ചുവെന്നതു തെളിയിക്കാന്‍ അദ്ധ്യാപകന്റെ കൈവശം തെളിവുകളൊന്നുമില്ല താനും. ഒരു തുണ്ടുപേപ്പര്‍ പോലും ജിഷ്ണുവിന്റെ പക്കല്‍ നിന്ന് അദ്ധ്യാപകന്‍ പിടിച്ചെടുത്തിട്ടില്ലായിരുന്നു.

തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും വച്ചു പകവീട്ടാറുള്ള മാനേജ്‌മെന്റ് ജിഷ്ണുവിനോടും അങ്ങനെ തന്നെ പെരുമാറുമെന്നു തോന്നിയിരുന്നു. ഓഫീസില്‍ പോയിട്ടു വന്ന ജിഷ്ണു നിരാശനായിരുന്നു. ഡീബാര്‍ നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചിരുന്നു. ജിഷ്ണു വൈകുന്നേരം ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കു ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാതെ വന്നപ്പോള്‍ സഹപാഠികള്‍ റൂമിനു മുന്നിലെത്തി. വാതിലില്‍ തട്ടിയിട്ടിട്ടു തുറക്കാത്തതിനാല്‍ ചവിട്ടിത്തുറന്നപ്പോഴാണു ജിഷ്ണു മരണത്തോടു മല്ലിടുന്നതുകണ്ടത്.ബാത്ത് റൂമില്‍ തൂങ്ങിയ നിലയിലായിരുന്നു ഉള്ളത്.

ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രവീണ്‍ സാറിനെ തന്നെയാണു ഞങ്ങള്‍ വിളിച്ചത്. അയാള്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അയാളുടെ കാറില്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തയ്യാറായില്ല. എനിക്കു പേടിയാണ്, ഞാനില്ലെന്നു പറഞ്ഞു, പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ ഫോണ്‍ കട്ട് ചെയ്തു.

വേറൊരു വിദ്യാര്‍ത്ഥിയെ വിളിച്ച്, അവന്റെ കാറിലാണു ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ജിഷ്ണുവിനെ ഞങ്ങള്‍ കാണുമ്പോള്‍ അവനു ജീവനുണ്ടായിരുന്നു. അവനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോയാല്‍ രക്ഷിക്കാമായിരുന്നു. മറ്റൊരു വണ്ടിക്കായി അരമണിക്കൂറോളമാണു ഞങ്ങള്‍ കാത്തിരുന്നത്. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും പ്രധാന വാര്‍ഡന്‍ പോലും ആശുപത്രിയില്‍ വന്നില്ല. കോളേജിലെ ഏതാനും ജീവനക്കാർ മാത്രമാണു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം