നാദാപുരത്ത് യുവതിയുടെ കൂട്ട ആത്മഹത്യ ശ്രമം; മുത്തലാഖ് ഭീഷണിയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: നാദാപുരം വാണിമേലില്‍ യുവതി രണ്ട് മക്കളേയും എടുത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ മുത്തലാഖ് ഭീഷണിയും ഭര്‍തൃ വീട്ടുകാരുടെ ശാരീരികവും മാനസികവുമായ പീഡനമാണെന്നും വെളിപ്പെടുത്തല്‍.

ഞായറാഴ്ച രാത്രിയാണ് വാണിമേല്‍ കോടിയൂറയിലെ കുറുക്കന്‍ക്കണ്ടത്തില്‍ ഹമീദിന്റെ ഭാര്യ ജനീഫ(27)യാണ് രണ്ട് മക്കളേയും എടുത്ത് കിണറ്റില്‍ ചാടിയത്. ഒന്നര വയസ്സുള്ള മുഹമ്മദും നാലര വയസ്സുള്ള ഹനുന്‍ഹാമിസും കിണറ്റില്‍ മുങ്ങി മരിച്ചു.

കിണറ്റില്‍ വീണ ജനീഫയെ നാട്ടുകാര്‍ രക്ഷിക്കുകയും ചെയ്തു. ജനീഫയെ കൊലകുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ നീക്കം. ജനീഫയ്ക്കുണ്ടായ കൊടിയ പീഡനം അന്വേഷിക്കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായും ജനീഫയുടെ ഉമ്മ സഫിയ ട്രൂവിഷന്‍ ന്യൂസിനോട് വെളിപ്പെടുത്തി.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജനീഫയുടെ ഭര്‍ത്താവ് ഹമീദ് ജനീഫയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ആണെന്ന് പറഞ്ഞ് നിരന്തരം മൊഴി ചൊല്ലല്‍ ഭീഷണി ഉയര്‍ത്തിയതായും ഭര്‍തൃ സഹോദരനും സഹോദരിയും നിരന്തരം പീഡിപ്പിച്ചതായും ജനീഫയുടെ അടുത്ത ബന്ധു ജലീല്‍ പറഞ്ഞു.

ഓര്‍ക്കാട്ടേരി ടൗണിന് അടുത്തെ മീത്തലെമടത്തില്‍ മൊയ്തുവിന്റെയും സഫിയയുടെയും ഏകമകളാണ് ജനീഫ. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ ജനീഫയുടെ ഭര്‍തൃ വീട്ടുകാര്‍ പലപ്പോഴും പരിഹസിച്ചിരുന്നതായും വിവിധ സമയങ്ങളില്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും കുടുംബം പറഞ്ഞു.

ക്രിമിനല്‍ കേസില്‍ പ്രതിയായ ഹമീദ് ഒന്നരം മാസം മുമ്പാണ് കോടതിയില്‍ ഹാജരാകാനായി നാട്ടിലെത്തിയത്. ഒന്നര മാസത്തിനിടയില്‍ ഒരു ദിവസം പോലും ഭാര്യയെ വീട്ടിലേക്ക് അയക്കാന്‍ ഹമീദ് തയ്യാറായിട്ടില്ല. ഭര്‍തൃ വീട്ടില്‍ നിന്നുണ്ടായ നിരന്തരം പീഡനമാണ് ജനീഫ അനുഭവിക്കേണ്ടി വന്നത്.

ഭര്‍തൃ സഹോദരന്‍ ഹര്‍ഷാദിന്റെ പരാതിയില്‍ ജനീഫയ്‌ക്കെതിരെ കുട്ടികളെ കൊലപ്പെടുത്തി എന്നതിന് കൊലകുറ്റവും ആത്മഹത്യാ ശ്രമത്തിനും വളയം പോലീസ് കേസെടുത്തിട്ടുണ്ട്. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ജനീഫയ്ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മര്‍ട്ടം നടത്തിയ ശേഷം മക്കളുടെ മൃതദേഹം കണ്ടതോടെ ഉമ്മയുടെ മനോ നില തെറ്റിയ നിലയിലാണ്. ജനീഫയുടെ മൊഴി ലഭിച്ചതിന് ശേഷമേ യഥാര്‍ഥ സംഭവം പുറത്തുകൊണ്ടു വരാന്‍ കഴിയുള്ളു.

തന്റെ മകള്‍ക്കുള്ള മൊഴി ചൊല്ലല്‍ ഭീഷണിയും ഭരതൃ വീട്ടിലെ കൊടിയ പീഡനവും കാണിച്ച് വളയം പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജനീഫയുടെ കുടുംബം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം