‘ശുംഭന്‍’ പരാമര്‍ശം; എംവി ജയരാജന് നാല് ആഴ്ചത്തെ തടവ്

By | Friday January 30th, 2015

mv-jayarajan1ന്യൂഡല്‍ഹി: ‘ശുംഭന്‍’ പരാമര്‍ശം നടത്തിയ കേസില്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചു. നാല് മാസം തടവാണ് കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. ഇതോടെ കേസില്‍ ജയരാജന്‍ ജയിലില്‍ പോകുമെന്ന് ഉറപ്പായി. സുപ്രീം കോടതി വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ പോലീസ് ജയരാജനെ അറസ്റ് ചെയ്തേക്കും. ഹൈക്കോടതി നല്കിയ ആറ് മാസം തടവ് സുപ്രീം കോടതി നാല് മാസമായി ഇളവ് ചെയ്തു. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ നടത്തിയ സമരത്തിനിടെയാണ് ജയരാജന്‍ ശുംഭന്‍ പരാമര്‍ശം നടത്തിയത്. വിധിക്കെതിരേ സംസാരിക്കുന്നതിനിടെ കോടതികളിലെ ചില ശുംഭന്‍മാര്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കും എന്നാണ് ജയരാജന്‍ പ്രസംഗിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. പിന്നീട് വിചാരണയ്ക്ക് ശേഷം ആറ് മാസത്തെ തടവ് ഹൈക്കോടതി വിധിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്താണ് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ കോടതിയെ അപമാനിച്ചിട്ടില്ലെന്നും ശുംഭന്‍ എന്ന വാക്കിനര്‍ഥം ‘പ്രകാശം പരത്തുന്നവന്‍’ എന്നാണെന്നും ജയരാജന്‍ വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയ കോടതി ഇത്തരം അപമാനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ചു. പരാമര്‍ശത്തില്‍ ജയരാജന്‍ ഒരിക്കല്‍ പോലും ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം