ടെക്സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ്; ആശങ്കയോടെ അമ്മ സിനി മാത്യൂസ്

മൊയ്തീന്‍ പുത്തന്‍‌ചിറ

 
റിച്ചാര്‍ഡ്സണ്‍ (ടെക്സസ്):  തന്റെ മകളെ കാണാതായതില്‍ മനസ്സ് വളരെ ആശങ്കയിലാണെന്ന്  റിച്ചാര്‍ഡ്സണില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ അമ്മയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ബുധനാഴ്ച പറഞ്ഞു. അറ്റോര്‍ണി കെന്റ് സ്റ്റാര്‍ ഷെറിന്റെ മാതാവ് സിനി മാത്യൂസുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സിനി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസുമായി സംസാരിച്ചുവെന്നും പോലീസുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും അറ്റോര്‍ണി പറഞ്ഞു. തന്റെ മകള്‍ തിരിച്ചുവരണമെന്ന ഒരൊറ്റ ആഗ്രഹമേ ഉള്ളൂ എന്നും, അവളെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്നും സിനി മാത്യൂസ് പറഞ്ഞതായി കെന്റ് സ്റ്റാര്‍ മാധ്യമങ്ങളെ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പിതാവ് വെസ്ലി മാത്യൂസ് കുഞ്ഞിനെ അവസാനമായി കാണുന്നത്. പാല്‍ കുടിക്കാതിരുന്നതിനെത്തുടര്‍ന്ന്  പുറത്തു നിര്‍ത്തുകയായിരുന്നു എന്ന് സിനി വെളിപ്പെടുത്തിയതായി അറ്റോര്‍ണി പറഞ്ഞു.  അഞ്ച് മണിക്കൂറിനു ശേഷം കുട്ടിയെ കാണാതായതായി പിതാവ് അറിയിക്കുകയായിരുന്നു.
കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ശനിയാഴ്ച വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്ത് രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ അമ്മ ഉറക്കത്തിലായിരുന്നു എന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്.
എന്തുകൊണ്ടാണ് സിനി മാത്യൂസ് ഒരു അറ്റോർണിയെ നിയമിച്ചതിനെക്കുറിച്ചതെന്ന ചോദ്യത്തിന് കൗണ്‍സലിനെ നിയമിക്കാന്‍  നിയമപരമായി എല്ലാവർക്കും അവകാശമുണ്ടെന്നും, വെസ്ലി മാത്യൂസിന്റെ കുറ്റകൃത്യത്തില്‍ ഭാര്യക്ക് പങ്കില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
സിനി മാത്യൂസിനെതിരായി ഇപ്പോള്‍ ആരോപണങ്ങളില്ലെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും കെന്റ് സ്റ്റാര്‍ പറഞ്ഞു. കൂടാതെ, വെസ്ലിയുടേയും സിനിയുടേയും നാലു വയസ്സുള്ള സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍‌വീസ് കൊണ്ടുപോയതിനെക്കുറിച്ച് സംസാരിക്കാനും, ആ കുട്ടിയെ തിരികെ ലഭിക്കാനുള്ള നിയമപരമായ വഴികളെക്കുറിച്ചുമാണ്  സംസാരിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം