മിസ്ഡ് കോള്‍ ബന്ധം പ്രണയത്തിലെത്തി ; വിവാഹത്തിന് യുവതിക്ക് താല്‍പര്യമില്ലെങ്കിലും ഇരുവരും ഇടയ്ക്ക് ഒരുമിച്ച് താമസം; ഒടുവില്‍ യുവാവിന്‍റെ കൈകൊണ്ട് മരണവും; സംഭവം ഇങ്ങനെ

മിസ്ഡ് കോളിലൂടെ പ്രണയിച്ച കാമുകിയെ കൊന്ന് കക്കൂസ് ടാങ്കില്‍ കുഴിച്ചിടാന്‍ ശ്രമിച്ച  കാമുകന്‍ പിടിയില്‍.   യുവതിയെ  കഴുത്തില്‍ ചുരിദാര്‍ഷാള്‍ മുറുക്കി കൊന്ന ശേഷം ടാങ്കില്‍ കുഴിച്ചു മൂടാന്‍ ശ്രമിക്കുകയായിരുന്നു. ഭരണിക്കാവ് പുത്തന്‍പുരയില്‍ പടീറ്റതില്‍ പുഷ്പകുമാരി(43)യാണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് പൊത്തപ്പള്ളി ശാന്താഭവനം വേണു(39)വിനെ കൊലപാതകം നടന്ന വാടകവീട്ടില്‍നിന്ന് പോലീസ് അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഹരിപ്പാട് നഗരമധ്യത്തില്‍ മാധവാ ജങ്ഷന് സമീപത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തിയശേഷം രാത്രിയില്‍ വേണു സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം കക്കൂസില്‍ കുഴിച്ചിടാന്‍ ശ്രമിച്ചു.

  സുഹൃത്ത് വിവരം തന്ത്രപൂര്‍വം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പുഷ്പകുമാരിയുടെ ഭര്‍ത്താവ് പത്തനംതിട്ട മുറിപ്പാറ സ്വദേശി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ ഭരണിക്കാവിലെ കുടുംബവീട്ടിലായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടെന്നുപറഞ്ഞ് ഇടയ്ക്കിടെ വീട്ടില്‍നിന്ന് മാറിത്താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെ രണ്ടുദിവസം മുമ്പാണ് വേണു വാടകയ്‌ക്കെടുത്ത വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി പുഷ്പകുമാരിക്ക് വന്ന ഫോണ്‍കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും വേണു ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പുഷ്പകുമാരി ആത്മഹത്യഭീഷണി മുഴക്കിയപ്പോള്‍ വേണു ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നതായാണ് പോലീസ് പറയുന്നത്. പള്ളിപ്പാട് സ്വദേശി മഹേശന്‍ എന്ന സുഹൃത്തിനെയാണ് വേണു കുഴിയെടുക്കാന്‍ വിളിച്ചത്. മൃതദേഹം മറവുചെയ്യാനാണെന്ന് മനസ്സിലായപ്പോള്‍ പിക്കാസ് എടുത്ത് വരാമെന്നപേരില്‍ സ്ഥലംവിട്ട മഹേശന്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പുഷ്പകുമാരിയെ മിസ്ഡ്‌കോളിലൂടെയാണ് പരിചയപ്പെട്ടതെന്ന് പ്രതി പോലീസിനെ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് ഇടയ്ക്കിടെ വേണു ഇവരെ താമസസ്ഥലത്ത് വിളിച്ചുവരുത്താറുണ്ടായിരുന്നു. പുഷ്പകുമാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. വേണു കൂലിപ്പണിക്കാരനാണ്. വീട്ടുകാരുമായി ബന്ധമില്ലാതെ വാടകവീടുകളിലായിരുന്നു താമസം. മൃതദേഹപരിശോധന വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം