ഷെഫിന്‍ ജഹാനുമായി ബന്ധമുള്ളതായി കനകമല ഐഎസ് കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍

മലപ്പുറം: ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് കനകമല ഐ.എസ്.ഐ.എസ് തീവ്രവാദ കേസിലെ പ്രതികളുടെ മൊഴി. വാട്‌സ്ആപ്പ് വഴിയും മെസഞ്ചര്‍ വഴിയും ഷെഫിനുമായി ബന്ധപ്പെട്ടിരുന്നെന്നും ഇത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന തരത്തില്‍ മാത്രമാണെന്നുമാണ് പ്രതികള്‍ എന്‍.ഐ.എ സംഘത്തിന് മൊഴി നല്‍കിയത്.

കനകമല ഐ.എസ്.ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ എന്‍.ഐ.എ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കഴിഞ്ഞദിവസമാണ് ചോദ്യം ചെയ്തത്. ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മന്‍സീദ്, ഒമ്പതാം പ്രതി മലപ്പുറം തിരൂര്‍ സ്വദേശി സെഫ്വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ജയിലിലെത്തിയ എന്‍.ഐ.എയുടെ നാലംഗ സംഘം വൈകീട്ടാണ് മടങ്ങിയത്. ഷെഫിനുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഇരുവരും എന്‍.ഐ.എ സംഘത്തിന് മൊഴി നല്‍കിയത്. ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ്കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്.

മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എന്‍.ഐ.എ പറയുന്നത്. മന്‍സീദ് അംഗമായ ‘തണല്‍’ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമായിരുന്നുവെന്നും ഇവര്‍ തമ്മില്‍ സംസാരിച്ചതിന് തെളിവുണ്ടെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ വ്യക്തതയ്ക്കുവേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍.

കനകമല ഐ.എസ്.ഐ.എസ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് മന്‍സീദിനെയും സെഫ്വാനെയും അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഷഫിന്‍ ജഹാന്‍ അടക്കം 30 പേരില്‍നിന്ന് നേരത്തെ എന്‍.ഐ.എ മൊഴിയെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം