മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലെക്കെന്ന വാര്‍ത്ത; വിശദീകരണവുമായി നടി

തിരുവനന്തപുരം: മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഒരു ഉദ്ദേശമില്ലെന്നും തന്റെ മനസിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ ഞാന്‍ ചെയ്യുന്നത് വലിയകാര്യമാണെന്ന് ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഒരുപാട് പേര്‍ എന്നെക്കാള്‍ നന്നായി വളരെ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്’ അവര്‍ വ്യക്തമാക്കി.

ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനല്ല ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്. ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കുക എന്നത് എന്റെ സാമൂഹിക ഉത്തരവാദിത്വമാണ്. എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഞാന്‍ ഓഖി ദുരന്തബാധിതരെ കാണാന്‍ പോയത്’ താരം പറയുന്നു.

മലയാള സിനിമ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് വളരുമെന്നും സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്കു കൂടുതല്‍ സന്തോഷവും തൃപ്തിയും ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. വളരെ കഴിവുള്ള സംവിധായകര്‍ എനിക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ താന്‍ ആസ്വദിച്ച് അഭിനയിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം തോന്നുന്നുണ്ട്. ഞാന്‍ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്.’ അവര്‍ പറഞ്ഞു. ‘മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എന്‍ട്രി കിട്ടുന്നത്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് സംവിധായകരുടെ മിടുക്ക് കൊണ്ടാണ്. ലോഹിതദാസ് സാര്‍ അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന പാഠങ്ങള്‍ ഒരിക്കലും മറക്കില്ല.’ താരം പറഞ്ഞു.

അതേസമയം ഫെസ്റ്റിലെ ചോദ്യോത്തരവേളയില്‍ പാര്‍വതിയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. ‘അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി’ എന്ന മറുപടിയായിരുന്നു വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനു മഞ്ജു നല്‍കിയ മറുപടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം