മണിയുടെ മരണം; അന്വേഷണം പ്രമുഖ സീരിയല്‍ നടിയിലേക്ക്?

Kalabhavan-Mani-finedതിരുവനന്തപുരം: മണിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാ സീരിയല്‍ നടിയിലേക്ക് അന്വേഷണം നീങ്ങുന്നതായി റിപ്പോര്‍ട്ട്‌. നടിയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ മണിയുടെ കുടുംബത്തിനിടയിലും ബന്ധുകള്‍ക്കിടെയിലും പ്രചരിച്ചിരുന്നു. മണിയുടെ പാഡിയില്‍ നടി ഇടയ്ക്കിടയ്ക്ക് വരാറുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നു.  ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ്  നടിയെ ചോദ്യം ചെയ്യുന്നത്. അതേസമയം, മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടിലുറച്ചാണ് പൊലീസ്. സ്വാഭാവികമരണമെന്ന നിലയിലുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം അടുത്തയാഴ്ച ഡിജിപിക്ക് സമര്‍പ്പിക്കും. മരണത്തിന്റെ തലേന്ന് നടന്‍ ജാഫര്‍ ഇടുക്കിയും തരികിട സാബുവും വരുമെന്നറിഞ്ഞ് രാവിലെ കരുതിയിരുന്ന ഏഴു കുപ്പി ബിയറിനു പുറമേ പത്തു കുപ്പി ബിയറും നാലു കുപ്പി വിദേശമദ്യവും സംഘടിപ്പിച്ചു വച്ചിരുന്നു. പെപ്‌സി കോളയും കരുതി. മണിക്കു നല്‍കാനായി ജാഫറും കൂട്ടരും നാലു കുപ്പി ബിയര്‍ കൊണ്ടുവന്നിരുന്നു. അവിടെയെത്തിയ സുഹൃത്തുക്കളില്‍ മൂന്നുപേരൊഴികെയുള്ളവരെല്ലാം മദ്യം കഴിച്ചിരുന്നു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീര്യമുള്ള മദ്യം പൂര്‍ണമായും ഒഴിവാക്കിയിരുന്ന മണി അന്ന് പതിനഞ്ചിലേറെ കുപ്പി ബിയര്‍ കഴിച്ചതായാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കൂടുതല്‍ മദ്യം കഴിച്ച തരികിട സാബുവിനെ കാറില്‍ കൊണ്ടുവിടാന്‍ മണിയാണു നിര്‍ദേശിച്ചത്. അന്നു രാത്രി ഒരു മണിയോടെ മണി ഉണര്‍ന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ചോറ് വേണമെന്നും പറഞ്ഞു. സുഹൃത്തുക്കള്‍ ഭക്ഷണം നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനു മുമ്പും ബിയര്‍ കഴിച്ചു. സല്‍ക്കാരപ്രിയനായിരുന്ന മണി ചാലക്കുടിയിലെ ഒരു ഹോട്ടലില്‍ പ്രതിമാസം കൂട്ടുകാര്‍ക്കുള്ള ഭക്ഷണത്തിന്റെ വകയില്‍ മാത്രം ഒരു ലക്ഷത്തോളം രൂപയാണു നല്‍കിയിരുന്നത്. കടുത്ത രോഗത്തിന് അടിമയാണെന്ന ബോധം അലട്ടിയിരുന്നതിനാലാകണം മണി വീട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നു കഴിഞ്ഞതെന്നും പോലീസ് കരുതുന്നു. ബ്രഷ് കൊണ്ട് പല്ലു തേയ്ക്കാനാവാത്തവിധം മോണയില്‍ നിന്നു രക്തം വരുന്ന തരത്തിലുള്ള അസുഖവും മണിക്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്. കടുത്ത മഞ്ഞപ്പിത്തവും പ്രമേഹവും കാരണം ശരീരം ശോഷിച്ചിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം