മലപ്പുറത്ത് വാട്ടര്‍ ബര്‍ത്ത് പ്രസവത്തിനിടെ ഗര്‍ഭിണി മരിച്ചു

മലപ്പുറം: പ്രകൃതിചികിത്സയ്ക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നയാണ് കഴിഞ്ഞ ദിവസം മഞ്ചേരി ഏറനാട് ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്.നാച്ചുറോപ്പതി ചികിത്സയുടെ മറവില്‍ ചില വിദേശരാജ്യങ്ങളിലും മറ്റും നടക്കുന്ന വാട്ടര്‍ ബര്‍ത്ത് രീതിയിലായിരുന്നു ഇവരുടെ പ്രസവം. വെള്ളത്തില്‍ പ്രസവിക്കുന്ന രീതിയാണ് വാട്ടര്‍ ബര്‍ത്ത്. അശാസ്‌ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ ആറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആശുപത്രിയിലെ ഒരു മുറി നാച്ചുറോപ്പതി ചികിത്സക്കായി ആബിര്‍ എന്നയാള്‍ക്കും ഭാര്യക്കും കൂടി വാടകക്ക് വിട്ടുകൊടുത്തതാണെന്നുമാണ് ഏറനാട് ആശുപത്രി അധികൃതരുടെ നിലപാട്.

എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രസവ മുറി അടച്ചുപൂട്ടുകയും ചെയ്തു. നാച്യുറോപ്പതി ഡോക്ടറെയും അധികൃതര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ നാച്ചുറോപ്പതി ചികിത്സ നടത്തിയ ആബിറും ഭാര്യയും നേരത്തെയും ഇത്തരത്തിലുള്ള അശാസ്‌ത്രീയ പ്രസവ രീതി സ്വീകരിച്ചിട്ടുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം