സിപിഎം നേതാവ് ബാബുവിന്‍റെ കൊലപാതകം;ആര്‍എസ്എസ് നേതാവ് പിടിയില്‍

മാഹി : സിപിഎം നേതാവ് ബാബുവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം പൊലീസ് കസ്റ്റഡിയില്‍. ആര്‍എസ്എസ് നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗവുമായ വിജയന്‍ പൂവച്ചേരിയാണ് കസ്റ്റഡിയിലുള്ളത്.

പള്ളൂര്‍ മേഖലയിലെ പ്രധാന ആര്‍എസ്്എസ് നേതാവാണ് വിജയന്‍. പുതുച്ചേരി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വഴിയില്‍ പതിയിരുന്നായിരുന്നു ആക്രമിക്കുകയായിരുന്നു.

ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളെല്ലാം ഒളിവിലാണ്. സംശയിക്കുന്നവരുടെ വീടുകളിലെത്തി അന്വേഷക സംഘം കുടുംബാംഗങ്ങളില്‍നിന്ന് വിശദാംശങ്ങള്‍ ആരാഞ്ഞു. സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകളായി തിരിഞ്ഞാണ് മയ്യഴി പള്ളൂര്‍ മേഖലകളില്‍ അന്വേഷണം നടത്തുന്നത്.

മയ്യഴി പള്ളൂര്‍ പ്രദേശങ്ങളിലെ ബാറുകളില്‍നിന്നുള്‍പ്പെടെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷക സംഘം പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍നിന്നുള്ള ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം കൃത്യത്തിനായി മാഹിയില്‍ എത്തിയോ എന്നതുള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം