ചലോ ലക്നൗ;കിസാന്‍ പട ഇനി യോഗിയുടെ നാട്ടിലേക്ക്

ഡല്‍ഹി:മുംബൈ ലോങ് മാര്‍ച്ചിനുശേഷം യോഗിയുടെ ഉത്തര്‍പ്രദേശിനെ വിറപ്പിക്കുവാന്‍ അഖിലേന്ത്യാ കിസാന്‍ സഭ തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സഭ സംഘടിപ്പിക്കുന്ന കര്‍ഷക മാര്‍ച്ച് ഈ മാസം 15ന് ആരംഭിക്കും. ‘ചലോ ലക്നൗ’ എന്നാണ് മാര്‍ച്ചിന് പേരിട്ടിരിക്കുന്നത്.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, ഉപാധിയൊന്നുമില്ലാതെ കടങ്ങള്‍ എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

 

മാര്‍ച്ച് ആറാം തീയതി നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് ഞായറാഴ്ചയാണ് മുംബൈയില്‍ പ്രവേശിച്ചത്.തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം.

എന്നാല്‍,കര്‍ഷകരുടെ ആവശ്യങ്ങളിലേറെയും അംഗീകരിക്കാമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍ തുടങ്ങിയവയായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഇവ നടപ്പിലാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആറംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ നാളുകള്‍ നീണ്ട പ്രതിഷേധത്തിന് അവസാനമായി.

കര്‍ഷക സമരം  വിജയിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലേക്കും സമരം ചെയ്യാന്‍ തീരുമാനിച്ചത്.സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍  അഖിലേന്ത്യാ കിസാന്‍സഭ  ആയിരുന്നു ലോങ്ങ് മാര്‍ച്ചിലെ മുഖ്യ സംഘാടകര്‍.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തിയും മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റത്തെയും രാജ്യം  വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് യോഗിയുടെ ഉത്തര്‍പ്രദേശിനെ വിറപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം