ഒരുമിച്ച് ജീവിതം തുടങ്ങി; കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥികള്‍ നീതി തേടുന്നു

Loversകൊല്ലം: ഒരുമിച്ചു ജീവിതം തുടങ്ങിയതിന്റെ പേരില്‍ കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾ നീതി തേടുന്നു. ചടയമംഗലം മാർത്തോമ കോളേജില്‍ നാലാം സെമസ്റ്റര്‍ വിദ്യാർത്ഥികളായ ലാൽകൃഷ്ണ, അമ്മു എന്നിവരെയാണ് കോളേജിൽനിന്ന് പുറത്താക്കിയത്. കോളേജ് അധികൃതരുടെ നിലപാടിനെതിരെ പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവരെ കാണാതായി എന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് രണ്ടുപേരെയും കണ്ടെത്തിയെങ്കിലും ഇരുവർക്കും പ്രായപൂർത്തി ആയെന്ന് കണ്ട് വിട്ടയച്ചു. എന്നാൽ വീണ്ടും കോളേജിൽ എത്തിയ വിദ്യാർത്ഥികളെ കോളേജ് അധികൃതർ ക്ലാസ്സിൽ കയറ്റിയില്ല. അച്ചടക്കലംഘനം ആരോപിച്ച് കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

തുടർന്ന് മാതാപിതാക്കൾ ജില്ലാ കളക്ടറെ സമീപിച്ചു. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് ജീവിക്കുന്നത് അച്ചടക്ക ലംഘനം അല്ലെന്ന് കാണിച്ച് വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ കളക്ടർ ഉത്തരവ് നൽകി. പക്ഷേ കോളേജ് അധികൃതർ വിദ്യാർത്ഥികളെ തിരിച്ചെടുക്കില്ല എന്ന നിലപാടിൽത്തന്നെ ആയിരുന്നു.
പിന്നീട് അമ്മു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോളേജിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇരുവർക്കും 18 വയസ്സ് കഴിഞ്ഞെങ്കിലും ലാൽകൃഷ്ണക്ക് നിയമാനുസൃത വിവാഹപ്രായമായ 21 വയസ്സായിട്ടില്ല. നിയമ പ്രകാരമുള്ള വിവാഹ ഉടന്പടി ഇല്ലാത്തതുകൊണ്ട് വിദ്യാർത്ഥികളുടേത് ഗുരുതരമായ പ്രവർത്തിയാണെന്നും അവർ അതിന്‍റെ ഫലം അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു. അതേസമയം വിവാഹ ഉടന്പടിയിൽ ഏർപ്പെട്ടില്ലെങ്കിലും 18 വയസുതികഞ്ഞ രണ്ടുപേർക്ക് ഒന്നിച്ച് ജീവിക്കാൻ നിയമതടസ്സം ഇല്ലെന്ന് നിയമവിദഗ്ധർ പറയുന്നു.
കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ ഇവർ ഒരുമിച്ച് താമസിക്കുന്നതിൽ പരാതിയില്ല. ആരും ഇവർക്കെതിരെ പരാതി നൽകിയിട്ടുമില്ല. കോളേജ് അധികൃതർക്ക് മാത്രമാണ് ഇത് അംഗീകരിക്കാനാകാത്തത്. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് അവരുടെ പഠനം മുടക്കാൻ തീരുമാനമെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം