ലാലിസം; മോഹന്‍ലാലിനോട് പണം തിരിച്ചുവാങ്ങേണ്ടതില്ലെന്നു സര്‍ക്കാര്‍

kerala ministryതിരുവനന്തപുരം: ലാലിസത്തിന്റെ പണം മോഹന്‍ലാലിനോടു തിരിച്ചുവാങ്ങേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. പണം തിരിച്ചുവാങ്ങുന്നതു സര്‍ക്കാരിന്റെ അന്തസിനു ചേര്‍ന്നതല്ലെന്നു മന്ത്രിസഭായോഗം വിലയിരുത്തി. വിവാദങ്ങളെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണു ലാലിസത്തിനു വാങ്ങിയ 1.64 കോടി രൂപ സര്‍ക്കാരിനു മടക്കി നല്കുമെന്നു മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗത്തില്‍ പുതിയ ചീഫ് സെക്രട്ടറിക്കെതിരേ കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. ഗെയിംസിനെതിരേ വിമര്‍ശനം ഉന്നയിച്ച ചീഫ് സെക്രട്ടറി ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്നു മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനി മാധ്യമങ്ങളെ കാണുന്നതിനു മുഖ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയിരിക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നിലപാടുകളെ മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ വീഴ്ചയെക്കുറിച്ച് സംസാരിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ആരെയും അപകീര്‍ത്തിപ്പെടുത്തണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല. ഡല്‍ഹിയിലെ തന്റെ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിച്ചത്. താന്‍ നല്ല ഉദ്ദേശത്തോടെ സംസാരിച്ച കാര്യം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം അംഗീകരിക്കാന്‍ തിരുവഞ്ചൂര്‍ തയാറായില്ല. മൂന്നു ദിവസം മുന്‍പ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ജിജി തോംസണ്‍ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗമാണ് ഇന്നു നടന്നത്. യോഗത്തില്‍ ചീഫ് സെക്രട്ടറിക്കു കനത്ത വിമര്‍ശനവും നേരിടേണ്ടി വന്നു. ചൊവ്വാഴ്ച ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണു ചീഫ് സെക്രട്ടറി ഗെയിംസിനെതിരേ സംസാരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ വീഴ്ചയുണ്ടായെന്നും സമാപന ചടങ്ങില്‍ ഇത് ആവര്‍ത്തിക്കരുതെന്നു നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെലവു ചുരുക്കി ഒന്നര മണിക്കൂര്‍ മാത്രമുള്ള സമാപന ചടങ്ങാവും സംഘടിപ്പിക്കുക എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം