കെ വി സുധാകരന്റെ ഓർമ്മയ്ക് ഒരു വയസ്സ്; ഒന്നുമറിയാതെ കുഞ്ഞുമക്കളുടെ ജനനം

ന്യൂസ് ബ്യൂറോ കണ്ണൂർ

കണ്ണൂര്‍: കൊയിലി ആശുപത്രിയിലെ പ്രസവമുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ച അവര്‍ പിറന്നു. ശസ്ത്രക്രിയയിലൂടെ ആ രണ്ട് പെണ്‍കുഞ്ഞുങ്ങളെ പുറത്തെടുത്തു. എന്നാല്‍, കാണാന്‍ അച്ഛനില്ല. ഇനിയൊരിക്കലും വരുകയുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അച്ഛന്‍ വാഹനാപകടത്തില്‍ വിടപറഞ്ഞിട്ട് ഒരുവര്‍ഷവും 30 ദിവസവും പിന്നിടുന്ന ദിനത്തിലാണ് കുഞ്ഞുമാലാഖമാര്‍ ഭൂമിയില്‍ അവതരിച്ചത്. നിലമ്പൂരില്‍ 2017 ഓഗസ്റ്റ് 15ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അസി. പ്രൊഫസര്‍ കെ.വി. സുധാകരന്റെ ഭാര്യ ഷില്‍നയാണ് വ്യാഴാഴ്ച രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയായിരുന്നു ഗര്‍ഭധാരണം.

ഷില്‍നയുടെ ചികിത്സയ്ക്കിടെയാണ് സുധാകരന്‍ മരിച്ചത്. ജോലിയുടെ ഭാഗമായി പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം തേഞ്ഞിപ്പലത്തെത്തിയതായിരുന്നു സുധാകരന്‍. ഇതിനിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്പൂരിലേക്ക് വിനോദയാത്ര പോയി. യാത്രാമധ്യേ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചു. യാത്രചെയ്ത വാഹനത്തില്‍നിന്നിറങ്ങി നാട്ടിലേക്ക് വണ്ടിപിടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Image may contain: 2 people, including Shilna Sudhakar, people smiling, indoor

ചികിത്സക്കാലത്ത് ശേഖരിച്ച ബീജമാണ് കൃത്രിമ ബീജധാരണത്തിനായി ഉപയോഗിച്ചത്. കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ മേല്‍നോട്ടത്തിലായിരുന്നു ഷില്‍നയ്ക്ക് ഗര്‍ഭധാരണത്തിനുള്ള ചികിത്സ. ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ ലോണ്‍ സെക്ഷനില്‍ മാനേജരായ ഷില്‍നയുടെ ആഗ്രഹമായിരുന്നു സുധാകരന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നത്. ബന്ധുക്കളും ഷില്‍നയുടെ സ്വപ്നത്തിനൊപ്പം നിന്നു.

2006 ഏപ്രില്‍ 22നാണ് പേരാവൂരിലെ പി.വി. പവിത്രന്റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പെരുമ്പടവിനുസമീപം ഏളയാട്ടെ കുഞ്ഞിരാമന്‍ഓമന ദമ്പതിമാരുടെ മകന്‍ സുധാകരനും വിവാഹിതരായത്. കല്യാണസമയത്ത് ‘മാതൃഭൂമി’ കാസര്‍കോട് ബ്യൂറോയില്‍ ലേഖകനായിരുന്നു സുധാകരന്‍. കഥാകൃത്തുകൂടിയായ സുധാകരന്‍ പിന്നീടാണ് അധ്യാപകനായത്.

Loading...