വിവാഹം കഴിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്ക് താങ്ങായി കോഴിക്കോട്ടെ കുഞ്ഞാങ്ങളമാര്‍

കോഴിക്കോട്: പെണ്‍മക്കളുടെ വിവാഹച്ചെലവു താങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അനേകം മാതാപിതാക്കള്‍ക്ക് താങ്ങായി കോഴിക്കോട്ടെ ഒരു കൂട്ടം ആങ്ങളമാര്‍. ഈ വരുന്ന ഞായറാഴ്ച മണ്ണാര്‍ക്കാട് കക്കുപ്പടി മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന ഒരു വിവാഹത്തിന് നേതൃത്വം നല്‍കുന്നത് ഇവരാണ്. രാവിലെ 9.30നും 10 നും ഇടയ്ക്കാണ് വിവാഹം. ബന്ധുക്കളല്ലാത്ത ഏതാനും ആങ്ങളമാര്‍ യഥാസമയം ഇടപെട്ടതുകൊണ്ടാണ് വിവാഹം നടക്കുന്നത്. മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍പറമ്പില്‍ പരേതനായ അളകേശന്റെയും ശാരദയുടെയും മകള്‍ പ്രിയയും കപ്രാട്ടില്‍ വീട്ടില്‍ പരേതനായ നാരായണന്റെയും ശാരദയുടെയും മകന്‍ കൃഷ്ണകുമാറുമാണ് വിവാഹിതരാവുന്നത്.

വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഏറ്റെടുത്ത് നടത്തുന്ന ഈ ആങ്ങളമാരുടെ നേതൃത്വത്തിലുള്ള ആദ്യവിവാഹമാണ് ഫെബ്രുവരി 11ന് മണ്ണാര്‍ക്കാട്ട് നടക്കുന്നത്. വിവാഹഭാഗ്യം കൈവരാതെ ജീവിതം തള്ളിനീക്കുന്ന നിരാശ്രയരായ സഹോദരിമാര്‍ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സഹോദരിമാരുടെ മംഗല്യത്തിന് സാമ്പത്തികം ഒരു തടസമാവില്ല. ഞങ്ങളുണ്ട് കൂടെ. എന്നാണ് ഇവര്‍ പറയുന്നത്.ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാല്‍ പിന്നെ ആങ്ങളമാര്‍ രംഗത്തിറങ്ങുകയായി.

വിവാഹക്ഷണക്കത്ത് തയ്യാറാക്കുക, പത്തു പവന്റെ ആഭരണം വാങ്ങിക്കൊടുക്കുക, വധുവിനും കുടുംബത്തിനും കല്യാണ വസ്ത്രങ്ങള്‍ വാങ്ങുക, കതിര്‍മണ്ഡപമൊരുക്കുക, തലേദിവസത്തെ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണസദ്യയൊരുക്കുക തുടങ്ങി സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നടത്തുക. എല്ലാ ചെലവും ആങ്ങളമാര്‍ സ്വന്തം കൈയില്‍ നിന്ന് എടുക്കും. വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ തലേദിവസം വധുവിന്റെ വീട്ടില്‍ ഗാനമേളയും സംഘടിപ്പിക്കും. ഒന്നിനും ഒരു കുറവുമില്ല! സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ആങ്ങളമാര്‍ക്ക് ഒരു വ്യവസ്ഥയുണ്ട്. വരനെ കണ്ടെത്തേണ്ടത് പെണ്‍വീട്ടുകാരുടെ ഉത്തരവാദിത്വമാണ്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 14 ചെറുപ്പക്കാരാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിനായി മുണ്ടു മടക്കിക്കുത്തി തയ്യാറെടുത്തിരിക്കുന്നത്. ‘മോശമായ സാമ്പത്തിക ചുടുപാടുകള്‍ കാരണം വിവാഹിതരാകാന്‍ കഴിയാതെ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ ആങ്ങളമാരുടെ സ്ഥാനത്ത് ഞങ്ങളുണ്ടാകും’, സംഘാംഗങ്ങള്‍ ഗ്രൂപ്പിന്റെ ലക്ഷ്യം ഒറ്റവാചകത്തില്‍ അവതരിപ്പിക്കുന്നതിങ്ങനെ. ജീവിതചെലവ് തന്നെ താങ്ങാനാവാത്തവിധം കൂടിവരുമ്പോള്‍ പെണ്‍മക്കളുടെ വിവാഹചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ മക്കളുടെ വിവാഹം മനഃപൂര്‍വ്വം വൈകിപ്പിക്കുന്ന ഒരുപാട് മാതാപിതാക്കള്‍ ഇന്നുണ്ട്. അവര്‍ക്കിടയിലേക്ക് ആങ്ങളമാരുടെ സ്ഥാനത്ത് ഇവര്‍ തങ്ങളെ സ്വയം സമര്‍പ്പിക്കുന്നു.

വരനെ കണ്ടെത്തിയിട്ട് മടികൂടാതെ തങ്ങളെ സമീപിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.ആങ്ങളമാര്‍ എന്ന പേരില്‍ ഇവര്‍ ഒരു ഫേസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനുള്ളതാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.
ജ്യൂവല്ലറി ജീവനക്കാരായ 14 പേരാണ് ഈ ഉദ്യമത്തില്‍ കൈകോര്‍ക്കുന്നവര്‍. അനില്‍, ഷാജി, ബിജു ജോര്‍ജ്, സെബാസ്റ്റ്യന്‍, ഗോകുല്‍ദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാര്‍വിന്‍, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീര്‍, അരുണ്‍ എന്നീ പതിന്നാലു സുമനസുകളാണ് ആങ്ങളമാരായി കൈകോര്‍ത്തിരിക്കുന്നത്. സ്വന്തം വരുമാനത്തില്‍ നിന്നാണ് ഇവര്‍ ഇതിനായുള്ള പണം കണ്ടെത്തുന്നത്.

ആങ്ങളമാരുടെ നമ്പര്‍: 9645324587, 989561248, 7558040898
ഇ.മെയില്‍ ഐ.ഡി: aanglamaar@gmail.com
ഫേസ്ബുക്ക് അക്കൗണ്ട്: www.facebook.com/aanglamaar

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം