മുസ്ല്ലിം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആശാരിപ്പണിക്കാരനായ യുവാവുമായി വിവാഹം; തനിനിറം പുറത്തായപ്പോഴേക്കും മക്കള്‍ മൂന്ന്; ഒടുവില്‍ മക്കളേയും കൂട്ടി മരണത്തിലേക്ക്; ഞെട്ടിക്കുന്ന സംഭവത്തിനു പിന്നില്‍ ഇങ്ങനെ

മലപ്പുറം: അടുത്തിടെ കോഴിക്കോട് റെയിൽവേ ട്രാക്കിൽ യുവതിയും മൂന്ന് പെൺകുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത മായുന്നില്ല. ഇതുമായിബന്ധപ്പെട്ട് ഭർത്താവ് രാജേഷ് അറസ്റ്റിൽ.ഏപ്രിൽ 23ന് ഞായറാഴ്ച പുലർച്ചെയാണ് കോഴിക്കോട് പുതിയങ്ങാടക്ക് സമീപം .യുവതിയും മൂന്ന് പെൺകുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി മമ്പുറം വികെ പടി സ്വദേശി പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ രാജേഷിന്റെ ഭാര്യ റജീന എന്ന ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.   ഭാവനയുടെയും കുട്ടികളുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് റജീനയുടെ ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ തൊട്ടടുത്ത ദിവസം പരാതി നൽകുകയായിരുന്നു.

     തുടർന്ന് എസ്.ഐ വിശ്വനാഥൻ കാരയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭർത്താവ് രാജേഷിനെ അറസ്റ്റ് ചെയ്തത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും റി പോസ്റ്റുമോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും റജീനയുടെ ബന്ധുക്കളും രംഗത്തെത്തിയിരിക്കുകയാണ്. ട്രെയിനിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയിൽ താമസക്കാരായ കുടുംബം കോഴിക്കോട് പുതിയങ്ങാടിയിൽ എത്തിയത് രാജേഷുമായുള്ള വഴക്കിനെ തുടർന്നാണെന്ന നിഗമനത്തിലാണ് പൊലീസ്.

   ദുരൂഹത നിറഞ്ഞ രാജേഷ് – ഭാവന ദമ്പതികളുടെ ജീവിതം ഇങ്ങനെ

    വയനാട് കംബ്ലക്കാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ് മരിച്ച ഭാവന. മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന ഭാവനയുടെ പഴയ പേര് റജീനയെന്നായിരുന്നു. രാജേഷുമായുള്ള പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് ഭാവനയായി ജീവിക്കുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ രാജേഷ് മരപ്പണിക്കായി വയനാട്ടിൽ എത്തുകയും ഇവിടെ നിന്നും റജീനയെ പരിചയപ്പെട്ടു. ഈ അടുപ്പം പ്രണയമായി വളർന്ന് വിവാഹത്തിലെത്തി. റജീനയെ സ്വന്തമാക്കാനായി മുസ്ലിംമാണെന്ന് രാജേഷ് വീട്ടുകാരെ വിശ്വസിപ്പിച്ചു. 14 വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.

   രാജേഷിനോടൊപ്പമുള്ള റെജീനയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. രാജേഷിന്റെ മദ്യപാനവും വഴക്കും സ്വത്തിനായുള്ള ആർത്തിയും ഇവരുടെ ജീവിതത്തില്‍ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതായി നാട്ടുകാര്‍ പറയുന്നു . തുടര്‍ന്ന് റെജീനയുടെ കുടുംബവുമായി കൂടുതൽ അകലേണ്ടിവന്നു. അപ്പോള്‍ രണ്ട് പെൺകുട്ടികൾക്ക് റജീന ജന്മം നൽകിയിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗർഭം ചുമക്കുമ്പോഴാണ് റജീനയുടെ വീട്ടുകാരുമായുണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയിൽ എത്തുന്നത്. കഴിഞ്ഞ എട്ടു വർഷമായി വാടക ക്വാർട്ടേഴ്‌സിൽ ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാവനയെന്നാണ് ഇവിടെ റജീനയെ പരിചയപ്പെടുത്തിയത്. കൂടുതൽ സൗഹൃദങ്ങള്‍ ഇല്ലാത്ത രാജേശ് ഹനുമാൻ സേനയുടെ സജീവ പ്രവർത്തകനായി. ക്ഷേത്ര ഭൂമികൾ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകാമെന്നു പറഞ്ഞായിരുന്നു രാജേഷിന്റെ നേതൃത്വത്തിൽ ഹനുമാൻ സേന രംഗത്തെത്തിയത്. 150 രൂപ ഒരാളിൽ നിന്നും ഫീസായി ഇടാക്കിയാണ് ഭൂമി വാഗ്ദാനം നൽകിയിരുന്നത്. വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകൾ ഹനുമാൻ സേനക്ക് ഫീസ് നൽകിയെന്നല്ലാതെ ഒരാൾക്കും ഒരു തുണ്ട് ഭൂമിയും കിട്ടിയില്ല. ഈ തട്ടിപ്പിന് നാട്ടിലുള്ള നിരവധി പേർ രാജേഷിന്റെ വലയിൽ അകപ്പെട്ടതായി നാട്ടുകാർ പറയുന്നു.

   ആശാരിപ്പണിക്കാരനായിരുന്ന രാജേഷ് തന്റെ തൊഴിൽ ചെയ്ത് കുടുംബത്തെ പോറ്റിപ്പോന്നുവെങ്കിലും മദ്യപിച്ചെത്തി ഭാവനയെ ദേഹോപദ്രവം ഏൽപ്പിക്കൽ പതിവായിരുന്നു.  ഭാവന വീടുവിട്ടിറങ്ങിയത് രാജേഷിന്റെ ഉപദ്രവം സഹിക്കവയ്യാതെ തന്നെയാകാമെന്നാണ് അയൽവാസികൾ സംശയിക്കുന്നത്. ഭാവന വീടുവിട്ടിറങ്ങിയ ശേഷം രാജേഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കിടന്ന ദിവസം ഉച്ചയോടെയാണ് മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ രജേഷ് എത്തി മിസ്സിങ് വിവരം അറിയിച്ചത്. ഭാര്യയും കുട്ടികളും വീടുവിട്ടിറങ്ങിയ ശേഷം കണ്ണൂരിലെ ഒരു ടെലഫോൺ ബൂത്തിൽ നിന്ന് കോൾ വന്നിരുന്നതായും ഇതന്വേഷിച്ച് കണ്ണൂരിൽ പോയിരുന്നതായും സമീപവാസികളോട് രാജേഷ് പറഞ്ഞിരുന്നു. എന്നാൽ മരണത്തിനു കാരണം ഭർത്താവ് രാജേഷ് തന്നെയെന്ന് റജീനയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം