ആത്മഹത്യ ഭീഷണി മുഴക്കി അമ്മ പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിച്ചു; ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനത്തിനിരയായ കുട്ടി പോലീസില്‍ അഭയം തേടി

girlകോട്ടയം: തൊടുപുഴയില്‍ അമ്മ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പെണ്‍കുട്ടി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ പോലീസില്‍ അഭയം തേടി. പതിനഞ്ച് കാരിയായ പെണ്‍കുട്ടിയെ ആത്മഹത്യ ഭീഷണി മുഴക്കി അമ്മ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമൊത്ത് ഒരുമാസത്തെ താമസത്തിന് ശേഷം ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി രക്ഷപ്പെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. യുവാവിനും പെണ്‍കുട്ടിയുടെ അമ്മയ്ക്കുമെതിരെ തൊടുപുഴ പൊലീസ് ശൈശവ വിവാഹത്തിന് കേസെടുത്തു. പെണ്‍കുട്ടിയെ തൊടുപുഴയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റും.ഒരുമാസം മുന്‍പാണ് പതിനഞ്ചുകാരിയെ അമ്മ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച് വിട്ടത്. എന്നാല്‍ ഭര്‍തൃവീട്ടുകാരില്‍ നിന്ന് പെണ്‍കുട്ടിക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നു. തുടര്‍ന്ന് രക്ഷപെട്ട പെണ്‍കുട്ടി കൂട്ടുകാരിയുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വിവാഹത്തോടെ പെണ്‍കുട്ടി പഠനം നിര്‍ത്തി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ഭര്‍ത്താവും വീട്ടുകാരും പെണ്‍കുട്ടിയെ സമ്മതിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവുമൊത്ത് അമ്മ താമസിക്കുന്ന വീട്ടിലെത്തി. ഇവിടെനിന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.അമ്മ നിര്‍ബന്ധിച്ച് രഹസ്യമായി വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒരു മാസം മുന്‍പാണ് രണ്ടാനച്ഛന്റെ ബന്ധുവായ വെങ്ങല്ലൂര്‍ സ്വദേശിക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുത്തത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിവാഹത്തിന് സമ്മതിച്ചു. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍നിന്നും ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അച്ഛന്‍ പെണ്‍കുട്ടിയെയും അമ്മയെയും നേരത്തേ ഉപേക്ഷിച്ചുപോയി. പിന്നീട് അമ്മ രണ്ടാമതും വിവാഹിതയായി. മലപ്പുറത്തെ ഒരു വീട്ടിലായിരുന്നു പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് നിന്നത്. ഇവരോടൊപ്പമായിരുന്നു പെണ്‍കുട്ടിയും കഴിഞ്ഞിരുന്നത്. രണ്ട് മാസം മുന്‍പാണ് ഇരുവരും തൊടുപുഴയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. പെണ്‍കുട്ടിയെ പഠനത്തിനായി സമീപത്തെ പാരലല്‍ കോളജില്‍ ചേര്‍ക്കുകയും ചെയ്തു.
പരാതിയനുസരിച്ച് ശിശുസംരക്ഷണ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് വേണ്ടി ഇടപെട്ടു. തുടര്‍ന്ന് തൊടുപുഴ വനിതാ സെല്ലില്‍ പെണ്‍കുട്ടിയെ എത്തിച്ചു. എസ്‌ഐ സുശീലയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കേസെടുക്കാനായി മൊഴി തൊടുപുഴ പൊലീസിന് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എഫ്‌ഐആര്‍ തൊടുപുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം