കൊണ്ടോട്ടി നേര്‍ച്ച മതത്തെ കളങ്കപ്പെടുത്താനുള്ള ആഘോഷമോ?

kondotty nerchaമതാഘോഷങ്ങള്‍ തടയാന്‍ മതത്തിനുള്ളില്‍ത്തന്നെ നീക്കമെന്തിന്‌ എന്നതിന്‌ ഉത്തരം ലളിതമാണ്‌: കൊണ്ടോട്ടി നേര്‍ച്ച ഒരിക്കലും ഒരു മതാഘോഷമല്ല. മറിച്ച്‌, മതത്തെ കളങ്കപ്പെടുത്താന്‍ മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ആഘോഷമാണ്‌.

ഇസ്ലാമിക കാഴ്‌ചപ്പാടില്‍ നേര്‍ച്ച ഏകനായ ദൈവത്തിനു വേണ്ടി മാത്രമേ നടത്താന്‍ പാടുകയുള്ളൂ. ഒരു വിഭാഗം മുസ്ലിങ്ങള്‍ നേര്‍ച്ചയെ എതിര്‍ക്കുന്നതിനു കാരണവും ഇതുതന്നെയാണ്‌.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബോംബെയില്‍നിന്ന്‌ കൊണ്ടോട്ടിയിലേക്കു വന്ന്‌ 1776ല്‍ മരിച്ച മുഹമ്മദ്‌ ഷാ തങ്ങളുടെ പ്രീതിക്കുവേണ്ടിയാണ്‌ എല്ലാ വര്‍ഷവും കൊണ്ടോട്ടി നേര്‍ച്ച കൊണ്ടാടിയിരുന്നത്‌.

ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളുമായി വളരെയധികം അന്തരമുണ്ടായിരുന്നു മുഹമ്മദ്‌ ഷാ തങ്ങളുടെ സൂഫിസത്തിന്‌. തങ്ങളുടെ സൂഫിസത്തെ അക്കാലഘട്ടത്തിലെ മതപണ്ഡിതര്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. സയ്യിദ്‌ ശൈഖ്‌ ജിഫ്രി, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍, പൊന്നാനിയിലെ സൈനുദ്ദീന്‍ മഖ്‌ദൂം എന്നിവര്‍ ഇതില്‍ പ്രമുഖരാണ്‌.

മുഹമ്മദ്‌ ഷാ തങ്ങളുടെ സൂഫിസം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്‌. അവരാണ്‌ നേര്‍ച്ചയെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം.

പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കം

കൊണ്ടോട്ടി തങ്ങളെ സന്ദര്‍ശിക്കുന്നവര്‍ അദ്ദേഹത്തെ സുജൂദ്‌ (സാഷ്‌ടാംഗം നമിക്കല്‍) ചെയ്‌തിരുന്നു. ഇത്‌ ഇസ്ലാമില്‍നിന്നു പുറത്താവുന്നതിന്‌ വഴിവെക്കുന്ന കാര്യമാണ്‌. ഒരു സൃഷ്‌ടി, ഏകനായ ദൈവത്തിനല്ലാതെ മറ്റൊരു സൃഷ്‌ടിക്ക്‌ സുജൂദ്‌ ചെയ്യുന്നത്‌ ഇസ്ലാമില്‍ അനുവദനീയമല്ല. ഈ പ്രവൃത്തി വലിയ തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും അന്ന്‌ കാരണമായി. ഇത്‌ പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കം എന്നാണ്‌ ചരിത്രത്തില്‍ അറിയപ്പെടുന്നത്‌.

കൊണ്ടോട്ടി തങ്ങള്‍ മതഭ്രഷ്‌ടന്‍

പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കത്തിനൊടുവില്‍, കൊണ്ടോട്ടി തങ്ങള്‍ മുര്‍ത്തദാണെന്ന്‌ (മതത്തില്‍നിന്ന്‌ തെറിച്ചുപോയവന്‍) പണ്ഡിതന്മാര്‍ വിധിയെഴുതി. കൊണ്ടോട്ടി തങ്ങളെ അനുകൂലിക്കുന്ന പണ്ഡിതന്മാര്‍ക്ക്‌ പൊന്നാനിക്കാര്‍ അതിശക്തമായ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെ തങ്ങളുടെ സൂഫിസം കാലക്രമേണ ക്ഷയിച്ചുപോയി.

മതവിരുദ്ധ ഉത്സവങ്ങള്‍ എന്തിന്‌?

ഇത്രയും വാദങ്ങള്‍ നേര്‍ച്ചക്കെതിരെ ശക്തമായുണ്ടായിട്ടും നേര്‍ച്ച പുനരുജ്ജീവിപ്പിക്കണമെന്ന്‌ കരുതുന്ന, മതത്തിനുള്ളില്‍ത്തന്നെയുള്ളവരോട്‌ ഒരു ചോദ്യം: ഇന്നു നടക്കുന്ന നേര്‍ച്ചകളും ഉത്സവങ്ങളും പെരുന്നാളുകളും മതവിരുദ്ധമാണെന്നിരിക്കെ അവ ആഘോഷിക്കുന്നതുകൊണ്ട്‌ എന്തു നേട്ടമാണ്‌ സമൂഹത്തിനുള്ളത്‌? അല്ലെങ്കില്‍ ഏന്തു സന്ദേശമാണ്‌ ഇത്‌ ഉയര്‍ത്തിക്കാണിക്കുന്നത്‌?

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം