പരസ്യ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷത്തിന് വഴി ഒരുക്കരുത് ; സി.പി.ഐക്ക് കോടിയേരിയുടെ വിമര്‍ശനം

കണ്ണൂർ: പരസ്യവിമർശനം ഉന്നയിച്ച് സിപിഐ പ്രതിപക്ഷത്തിന് വഴിയൊരുക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശത്രുവർഗത്തിന്‍റെ കുത്തിത്തിരുപ്പുകളെ ഒന്നിച്ച് നേരിടണം. ഭരണമുന്നണിയിലെ പ്രധാന കക്ഷി തന്നെ സർക്കാരിനെ വിമർശിച്ചാൽ പ്രതിപക്ഷത്തിന് അടിക്കാൻ വടി നൽകുന്നത് പോലെയാകുമെന്നും മുൻകാലത്തെ ഇത്തരം ദുരനുഭവങ്ങളെക്കുറിച്ച് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും കോടിയേരി പറഞ്ഞു. കണ്ണൂർ വാർത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്വന്തം രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. വിവാദ വിഷയങ്ങളിൽ പരസ്യ പ്രസ്താവന ഒഴിവാക്കണം. കൂടുതൽ യോജിപ്പോടെ പ്രവർത്തിക്കാൻ ഇടതു നേതാക്കൾ ജാഗ്രത പാലിക്കണം. സിപിഐ സിപിഎമ്മിന്‍റെ സഹോദര പാർട്ടിയാണ്. വീഴ്ചകൾ സംഭവിച്ചിരിക്കാം. അതെല്ലാം ചർച്ച ചെയ്തു മുന്നോട്ടുപോകുന്നതാണ് ഭരണത്തിനും മുന്നണിക്കും നല്ലതെന്നും കോടിയേരി ഓർമിപ്പിച്ചു.

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് ശ്രമിക്കുകയാണ്. യുഎപിഎയുടെ കാര്യത്തിൽ സിപിഎമ്മിനും സർക്കാരിനും വ്യക്തമായ നിലപാടുണ്ട്. യുഎപിഎ എന്ന കരിനിയമം അനാവശ്യമായി ഉപയോഗിക്കാൻ പാടില്ലെന്ന് തന്നെയാണ് പാർട്ടി നയം. പി.ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾ യുഎപിഎയ്ക്ക് ഇരകളാണ്. ഇക്കാര്യത്തിൽ വസ്തുതകൾ മനസിലാക്കാതെയാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം