ജെ ഡി യുവിന്‍റെ എല്‍ ഡി എഫ് പ്രവേശത്തോടെ യു.ഡി.എഫിന് നാശകാലം; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:  ജെ ഡി യുവിന്‍റെ എല്‍ ഡി എഫ് പ്രവേശത്തോടെ യു.ഡി.എഫിന് നാശകാലമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാനുള്ള ജെഡിയു നിലപാടിനെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് ശിഥിലമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് ജെ.ഡി.യു ഇന്നെടുത്ത തീരുമാനം.ഇനിയും ഇതുപോലെ മറ്റു ഘടകക്ഷികളും പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകും. ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചിരുന്നു. 14 ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടിയിലേക്കുള്ള മാറ്റത്തെ അനുകൂലിക്കുകയും ചെയ്തു. മുന്നണി മാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കെ.പി.മോഹനനും നിലപാട് മാറ്റിയതോടെയാണ് ഇടതു മുന്നണിയിലേക്ക് പ്രവേശിക്കുന്നതായി ജെ.ഡി.യു നേതൃത്വം അറിയിച്ചത്. ഇതുംസംബന്ധിച്ച തീരുമാനം 12 ന് തിരുവനന്തപുരത്ത് ചേരുന്ന ജെ.ഡി.യു സംസ്ഥാന കൗണ്‍സിലില്‍ അന്തിമമാകും.

നേരത്തേ എല്‍.ഡി.എഫ് വിട്ടുപോകാനുള്ള ജെ.ഡി.യു വിന്റെ തീരുമാനം പുനപരിശോധിക്കാന്‍ അന്നേ തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് അവര്‍ തയ്യാറായത് ഇടതുമുന്നണിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും കോടിയേരി പറഞ്ഞു. ജെ.ഡി.യു മായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും എല്‍.ഡി.എഫിലേക്കുള്ള അവരുടെ പ്രവേശനത്തെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.
എന്തായാലും അവര്‍ക്കുമുന്നില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഒരു ഉപാധികളും ആരും മുന്നോട്ട് വച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജെ.ഡി.യു വിന്റെ രാഷ്ട്രീയനിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം