കെഎംആർഎല്ലിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു;കൊച്ചി മെട്രോ സോളാർ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചു

ആലുവ: കൊച്ചി മെട്രോ സോളാർ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ അൻവർ സാദത്തിനെ ക്ഷണിക്കാത്തത് വിവാദമായതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി കെഎംആർഎൽ അധികൃതരെ അതൃപ്തി അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു.

കെഎംആർഎല്ലിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. പരിപാടിയിലേക്ക് ജില്ലയിലെ എംഎൽഎമാരായ ഹൈബി ഈഡൻ, പി.ടി. തോമസ് എന്നിവരെയും ക്ഷണിച്ചിരുന്നില്ല. പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതായി അൻവർ സാദത്ത് നേരത്തേ പറഞ്ഞിരുന്നു. ചടങ്ങിൽനിന്നു വിട്ടു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനു മുന്പ് മെട്രോയുടെ ചുമതലയുള്ള മുഖ്യമന്ത്രി പരിശോധന നടത്തേണ്ടതുണ്ട്. ലളിതമായി നടത്താന്‍ തീരുമാനിച്ച ചടങ്ങാണിത്‌. ഇതാണ് ജനപ്രതിനിധികളെ ക്ഷണിക്കാഞ്ഞതെന്നാണ് കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്‍റെ വിശദീകരണം.   കെഎംആർഎല്ലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ആലുവയിൽ യുഡിഎഫ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം