ബി ജെ പിയെ ഞെട്ടിച്ചു കര്‍ഷക സമരം രൂപപ്പെട്ടതെങ്ങനെ;ആസാദ് മൈതാനം ചുവന്ന കടലായി

സ്വാതി ചന്ദ്ര

മുംബൈ:“ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ടതുണ്ട് “നാസിക് -ആഗ്ര ദേശീയപാതയിലെ രായ്ഗഡ് നഗര്‍ പ്രദേശത്തുള്ള ഇഗാത്പുരിയില്‍ നിന്ന് ശങ്കര്‍ വഖേര പറഞ്ഞിരുന്നത് ഇങ്ങനെയാണ് .

അതെ അവര്‍ക്കും ജീവിക്കണം അതിനു വേണ്ടി പോരാടുകയല്ലാതെ മറ്റു മാര്‍ഗമില്ല ബി ജെ പിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇനിയും കണ്ണടയ്ക്കാന്‍ പറ്റില്ലെന്ന് തെളിയിച്ചു ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ കാട്ടില്‍  നിന്നും പാടത്തില്‍ നിന്നും പൊരി വെയിലും സഹിച്ചു ദാഹവും വിശപ്പും മറന്നു ഐതിഹാസിക പ്രക്ഷോഭത്തിലേക്ക് .

മാര്‍ച്ച്‌ 6ന് നാസിക്കിലെ സെന്‍ട്രല്‍ ബസ്സ് സ്റ്റാന്റ്  ചൌക്കില്‍ നിന്ന് തുടങ്ങിയ     ലോങ്ങ്‌ മാര്‍ച്ച്‌ മുംബയിലെത്തി.ആത്മഹത്യയല്ല പോരാട്ടമാണ് മാർഗമെന്ന് പ്രഖ്യാപിച്ച് 200 കിലോമീറ്റർ ലോങ്മാർച്ചായി എത്തിയ കർഷകർ തങ്ങള്‍ക്ക് കാലങ്ങളായി സഹിക്കേണ്ടി വന്ന  നീതി നിഷേധത്തെ ലോകത്തോട്‌ വിളിച്ചു പറയുകയാണ്‌ .

സി ബി എസ് ചൌക്കില്‍ ഉച്ചയ്ക്ക് 1 മണിക്ക് എത്തിയപ്പോള്‍ ചെറിയ ആള്‍ക്കൂട്ടമേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ പിന്നീട് അതൊരു ചുവന്ന കടലായി മാറുകയായിരുന്നു.സി പി ഐ എമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് ലോങ്ങ്‌ മാര്‍ച്ചിന് ആഹ്വാനം നല്‍കിയത് .

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന സര്‍ക്കാരിന്റെ കാതിലേയ്ക്ക് തങ്ങളുടെ ശബ്ദമെത്തിക്കാന്‍ ഭരണസിരാകേന്ദ്രമായ നിയമ സഭ വളഞ്ഞ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പൊതുസമ്മേളനം നടക്കുന്ന ആസാദ് മൈതാനത്തേയ്ക്ക് ഇന്നലെ രാത്രി തന്നെ മാര്‍ച്ച് ചെയ്യാനായിരുന്നു കിസാന്‍സഭയുടെ തീരുമാനം.

പൊതുപരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസം മൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് കര്‍ഷകര്‍ ഈ തീരുമാനമെടുത്തത്.

തങ്ങളെ ആസാദ് മൈതാനത്തേയ്ക്ക് കൊണ്ടുപോകാനായി വാഗ്ദാനം ചെയ്യപ്പെട്ട ബസ് സൗകര്യം കര്‍ഷകര്‍ നിരസിച്ചു. അര്‍ദ്ധരാത്രി കാല്‍നടയായി തന്നെ വിണ്ടുകീറിയ പാദങ്ങളുമായി ആസാദ് മൈതാനത്തേയ്ക്ക് അവരെത്തി .

കാര്‍ഷിക കടം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പെന്‍ഷന്‍ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന ബഹുജന മാര്‍ച്ചിന് ലഭിക്കുന്ന പിന്തുണ സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് .

പൊതുവേ അരാഷ്ട്രീയ വാദികളായ മധ്യവര്‍ഗത്തിന്റെതടക്കം  വിവിധ സന്ഘടനകളുടെയും പിന്തുണയോടെയാണ് ചരിത്ര പ്രധാന സമരത്തിന്റെ അതി ദീര്‍ഘമായ പോരാട്ടം.സി പി ഐ എമ്മിന് നഷ്ട്ടമായ കര്‍ഷക,തൊഴിലാളി വര്‍ഗ മുഖഛായയും കൂടിയാണ് ഇതോടെ തിരിച്ചു പിടിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കര്‍ഷക,തൊഴിലാളി വര്‍ഗത്തിന്റെ ഉയിര്‍പ്പായി വേണം ചരിത്രത്തില്‍ ഈ സമരം ചുവന്ന ലിപികളാല്‍ രേഖപ്പെടുത്തേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം