കെവിന്‍റെ കൊലപാതകം;തട്ടിക്കൊണ്ട് പോയത് പൊലീസിന്‍റെ അറിവോടെ;പോലീസിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

കോട്ടയം:കെവിനെ തട്ടിക്കൊണ്ട് പോയത് പൊലീസിന്റെ അറിവോടെ. പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി ഐജിയുടെ റിപ്പോര്‍ട്ട്.എഎസ്‌ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി ഐജിയുടെ റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ട് പോയത് പൊലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബിജുവിന് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്നും കൊച്ചി റേഞ്ച് ഐജി ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എഎസ്‌ഐ ബിജുവിനെയും പെട്രോളിങ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു. ഐജി വിജയ് സാഖറെയാണ് നടപടിയെടുത്തത്.

രാത്രി പെട്രോളിങ്ങിനിടെ കേസിലെ പ്രതിയായ ഷാനുവിനെ പിടികൂടിയിരുന്നു. എന്നാല്‍, കൈക്കൂലി വാങ്ങി പ്രതികളെ ബിജു വിട്ടയച്ചു.അതേസമയം, ഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന.

തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ടുവെന്നും പുറകെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് തെരഞ്ഞ് പോയ സംഘം മടങ്ങിയെന്നുമാണ് ഷാനു പൊലീസില്‍ നല്‍കിയ മൊഴി.

അതേസമയം, കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സാനു ചാക്കോയും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.35 നാണ് സാനുവിനോട് പൊലീസ് സംസാരിച്ചത്. കെവിന്‍ മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം.

കേസിലെ മുഖ്യപ്രതിയായ സാനു ചാക്കോ, പിതാവ് ചാക്കോ പുനലൂര്‍ സ്വദേശി മനു എന്നിവരെ ചോദ്യം ചെയ്യലിനായി കോട്ടയത്ത് എത്തിച്ചു. ഐജിയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഏറ്റുമാനൂര്‍ കോടതി ഈ കേസില്‍ റിമാന്‍ഡ് ചെയ്ത റിയാസ്, നിയാസ്, ഇഷാന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടും പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്നാണു പൊലീസിന്റെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം