കെവിന്‍റെ കൊലപാതകം;മുഖ്യപ്രതികള്‍ പൊലീസ് പിടിയില്‍;ഒന്നാം പ്രതി ഷാനു ചാക്കോ അഞ്ചാം പ്രതി പിതാവ് ചാക്കോ ജോണ്‍

കോട്ടയം:കെവിന്‍റെ  കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പൊലീസ് പിടിയില്‍. നീനുവിന്റെ സഹോദരനായ ഒന്നാം പ്രതി ഷാനു ചാക്കോ അഞ്ചാം പ്രതി പിതാവ് ചാക്കോ ജോണ്‍ എന്നിവരാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. ഇവരെ കോട്ടയത്തേക്ക് കൊണ്ടുവരുന്നു. കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

കെവിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഇവര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നിനിടെയാണ് അറസ്റ്റ്. ഹൈക്കോടതിയിലെത്തി ജാമ്യാപേക്ഷ സമര്‍പ്പിച്ച ശേഷം കണ്ണൂരിലെത്തി അവിടെ നിന്ന് ബംഗുളൂരുവിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ പൊലീസ് തൊട്ടു പുറകെയുണ്ടെന്ന ബോധ്യപ്പെട്ടതോടെ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവരും കണ്ണൂര്‍ ഭാഗത്തേക്ക് പോയെന്ന് പോലീസിന് ഇന്ന് പുലര്‍ച്ചെ തന്നെ വിവരം ലഭിച്ചിരുന്നു. കണ്ണൂരിലെ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. ഇക്കാര്യം കോട്ടയം എസ് പി സ്ഥിരീകരിച്ചു.

ഗള്‍ഫിലായിരുന്ന ഷാനു നാട്ടിലെത്തി കൂട്ടുകാരേയും ചില ക്വട്ടേഷന്‍ സംഘങ്ങളേയും കൂട്ടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. തെന്മലയിലെ ചാക്കോയുടെ വീട് വളഞ്ഞ് പൊലീസ് നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു.

അതിനിടെ കെവിന്‍ വെള്ളം കുടിച്ച് മുങ്ങിമരിച്ചതാകാമെന്ന നിര്‍ണായക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് പോസറ്റ്‌മോര്‍ട്ടം നടന്നത്. ശരീരത്തില്‍ 20ല്‍ അധികം മുറിവുകളും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തിയ ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. മര്‍ദ്ദിച്ച് വെള്ളത്തിലിട്ടതോ ഓടി രക്ഷപ്പെടുമ്പോള്‍ വെള്ളത്തില്‍ വീണതോ ആകാമെന്നാണ് നിഗമനം. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമാകും ഇതിന് ഉത്തരം കിട്ടുക.

അതേസമയം, പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തി. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് പുറമെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു.

നീനുവിന്റെ പിതാവ് ചാക്കോയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇയാളെ പ്രതി ചേര്‍ക്കുകയായിരുന്നു. എന്നാല്‍ കെവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിരപരാധികളെന്നും കാട്ടിയാണ് ഇവര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം