കെവിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി;മൃതദേഹം വീട്ടില്‍ എത്തിച്ചു;ചങ്കു പൊട്ടി നീനുവിന്‍റെ നിലവിളി

കോട്ടയം:പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യാവീട്ടുകാര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ പോസറ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് പോസറ്റ്മോര്‍ട്ടം നടന്നത്. മൃതദേഹം വിലാപയാത്രയായി കെവിന്റെ വീട്ടിലേക്കെത്തിച്ചു.

മൃതദേഹം വീട്ടിലെത്തിച്ചയുടന്‍ മൊബൈല്‍ മോര്‍ച്ചറിക്ക് മുകളിലേക്ക് അലമുറയിട്ട് വീണ ഭാര്യ നീനു നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. കെവിന്റെ പിതാവ് ജോസഫ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ഒപ്പം കെവിന്റെ മാതാവും മറ്റു ബന്ധുക്കളും കെവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു.

വൈകീട്ട് മൂന്നിനാണ് കെവിന്റെ സംസ്‌കാര ചടങ്ങുകള്‍. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

പോസറ്റ്‌മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടി. പോസറ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയതു മുതല്‍ ആരെയും ഫോറന്‍സിക് വിഭാഗത്തിലേക്ക് കയറ്റി വിട്ടിരുന്നില്ല. അതിനിടെ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കി.
സിപിഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു.

അതേ സമയം കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് പുറമെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞു. നീനുവിന്റെ പിതാവ് ചാക്കോയ്ക്ക് കൊലപാതതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇയാളെ പ്രതി ചേര്‍ത്തു.

ഷാനു ചാക്കോയും പിടിയിലാകാനുള്ളവരും തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ക്കായി പൊലീസ് തമിഴ്‌നാട്ടിലെത്തി തിരച്ചില്‍ നടത്തുകയാണ്.

കെവിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരന്‍ ഷാനു ചാക്കോയാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചു.

കൂടാതെ ഇത് സ്ഥിരീകരിക്കുകയാണ് നിയാസിന്റെ ഉമ്മയുടെ വെളിപ്പെടുത്തലും. തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്നു നീനുവിന്റെ അച്ഛന്‍ ചാക്കോയും ഉമ്മ രഹ്നയും പ്രതിയായ നിയാസിനോടു നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ പറഞ്ഞു.

കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം