മലയാളി പണം കൊടുത്ത് തിന്നുന്നത് ഉഗ്ര വിഷം :പഴം, പച്ചക്കറി വര്‍ഗങ്ങളില്‍ ഏഴ് പുതുനിര രാസ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി

കോഴിക്കോട്: പണം കൊടുത്ത് വിഷം വാങ്ങി തിന്നുന്നവരായി മലയാളികള്‍ മാറുന്നു . കേരളത്തില്‍ വിറ്റയിക്കുന്നത് ഉഗ്ര വിഷമുള്ള പച്ചക്കറികളും പഴങ്ങളും. കൃഷിവകുപ്പിന്റെ സഹായത്തോടെ കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതി പരിശോധനയില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ വില്‍ക്കുന്ന പഴം, പച്ചക്കറി വര്‍ഗങ്ങളില്‍ ഏഴ് പുതുനിര രാസ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

കീടനാശിനി സാന്നിധ്യമുള്ള പച്ചക്കറികളും പഴങ്ങളും ജൈവലേബലില്‍ സ്വകാര്യഷോപ്പുകളില്‍ വിറ്റഴിക്കുന്നു വെന്ന റിപ്പോര്‍ട്ടും ഇവര്‍ നല്‍കുന്നു . കൃഷിവകുപ്പിന്റെ സഹായത്തോടെ കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതി പരിശോധനയിലാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഏഴ് പുതുനിര രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്. അഞ്ചിനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികളും കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തണമെന്നും പരിശോധന കര്‍ക്കശമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തു.

മല്ലിയില, കറിവേപ്പില, പുതിനയില, ജീരകം എന്നിവയില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച പ്രൊഫെനോസും മുളകുപൊടിയില്‍ ട്രയസോഫോസിന്റെയും സാന്നിധ്യവുമാണ് കണ്ടെത്തിയത്. വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജൈവബ്രാന്‍ഡില്‍ വില്‍ക്കുന്ന കാപ്സിക്കം, ബജിമുളക്, മുന്തിരി, പാഷന്‍ ഫ്രൂട്ട് പിങ്ക് എന്നിവയിലും പൊതുവിപണിയില്‍നിന്ന് ശേഖരിച്ച ആപ്പിള്‍ റോയല്‍ഗാല, കറുത്ത മുന്തിരി, കുരുഇല്ലാത്ത പച്ചമുന്തിരി, ഇറക്കുമതി ചെയ്ത പ്ളം ഇനങ്ങളിലാണ് പുതുനിര കീടനാശിനികള്‍ കണ്ടെത്തിയത്.

കാപ്സിക്കം പച്ചയില്‍ മാത്രം അസഫേറ്റ്, ഇമിഡാക്ളോപ്രിഡ്, ക്ളോതയാനിഡില്‍, അസെറ്റാപ്രിമിഡ്, ഇപ്രോവാലികാര്‍ബ്, ടെബുകോണാസോള്‍, ബുപ്രോഫസില്‍ എന്നിങ്ങനെ ഏഴ് കീടനാശിനികള്‍ കണ്ടെത്തി. കൊച്ചിയിലെ വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്നാണിത് ശേഖരിച്ചത്. ജൈവബ്രാന്‍ഡില്‍ സ്വകാര്യ ഷോപ്പില്‍ വില്‍ക്കുന്ന ബജിമുളകില്‍(കീടനാശിനി-അസെറ്റാമിപ്രിഡ്, മെറ്റാലാക്സില്‍, ക്ളോറാന്‍ട്രാനിലിപ്രോള്‍), കറിവേപ്പില (ബൈഫെന്‍ത്രിന്‍), പച്ചമുളക് (ക്ളോര്‍പൈറിഫോസ്, ഡൈമെത്തോയേറ്റ്), പുതീനയില (ക്ളോര്‍പൈറിഫോസ്), ചുവന്നുള്ളി (ഡൈമെത്തോയേറ്റ്), ഉരുളക്കിഴങ്ങ് (ഡൈമെത്തോയേറ്റ്) സാന്നിധ്യവും കണ്ടെത്തി. പൊതുവിപണിയില്‍നിന്ന് ശേഖരിച്ച ആപ്പിള്‍റോയല്‍ ഗാല, കറുത്തമുന്തിരി (അസെറ്റാമിപ്രിഡ്), പ്ളം (ഡൈമെത്തോയേറ്റ്), കുരു ഇല്ലാത്ത പച്ചമുന്തിരി (കാര്‍ബന്‍ഡാസിം, ഇമിഡാക്ളോപ്രിഡ്, ഡൈമെത്തോയേറ്റ്) എന്നിവയും കണ്ടെത്തി.

പൊതുവിപണി, ജൈവവിപണിയില്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിച്ച അയമോദകം (ക്ളോര്‍പൈറിഫോസ്, ഫെന്‍വാലറേറ്റ്), ഏലയ്ക്ക (ക്യുനാല്‍ഫോസ്, ഏത്തയോണ്‍, ലാംബ്ഡാ സൈഹാലോത്രിന്‍, ക്യുനാല്‍ഫോസ്), വറ്റല്‍മുളക് (എത്തയോണ്‍), മുളകുപൊടി (എത്തയോണ്‍, ട്രയസോഫാസ്), മല്ലിപ്പൊടി (ക്ളോര്‍പൈറിഫോസ്, സൈപര്‍മെത്രിന്‍), ചതച്ച മുളക് (ഏത്തയോണ്‍), ജീരകം

(പ്രൊഫെനോഫോസ്, സൈപര്‍മെത്രിന്‍, ക്ളോര്‍പൈറിഫോസ്), ജീരകപ്പൊടി (ക്ളോര്‍പൈറിഫോസ്), ഉലുവയില (ക്ളോര്‍പൈറിഫോസ്, ക്യുനാല്‍ഫോസ്) എന്നിവയിലും കീടനാശിനി സാന്നിധ്യം തെളിഞ്ഞു. പൊതുവിപണിയില്‍നിന്ന് എടുത്ത ചുവപ്പ്ചീര (കീടനാശിനി-ക്ളോര്‍പൈറിഫോസ്), ബ്രോഡ്ബീന്‍സ് (ഫെന്‍വാലറേറ്റ്), കാപ്സിക്കം (മഞ്ഞ), സാമ്പാര്‍മുളക്, മല്ലിയില, കറിവേപ്പില, പുതീന ഇല, ബജിമുളക്, കാപ്സിക്കം (ചുവപ്പ്), പാര്‍സ്ലി സാമ്പിളുകളില്‍ ഒന്നിലധികം കീടനാശിനികളും കണ്ടെത്തി. ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പരിശോധന നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം