വയല്‍ക്കിളി സമരം;പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമം…പിന്നോട്ടില്ലെന്ന് സമരക്കാര്‍

കണ്ണൂര്‍:മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തോട് ഐക്യപ്പെട്ടവര്‍  ഇങ്ങ് കീഴറ്റൂരില്‍ നടന്നുകൊണ്ടിരിക്കുന്നകര്‍ഷക സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്. കത്തിയെരിയുന്ന നെല്‍ക്കൂനകള്‍ക്ക് മുന്നില്‍ കയ്യില്‍ മണ്ണെണ്ണയുമേന്തി തളരാത്ത മനോവീര്യത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ് നമ്പ്രാത്ത് ജാനകി ഒപ്പം നൂറോളം വരുന്ന വയല്‍ക്കിളി പ്രവര്‍ത്തകരും.

രാജ്യത്ത് കര്‍ഷക മുന്നേറ്റം ശക്തമാകുന്ന സാമൂഹ്യ ചുറ്റുപാടിലാണ് കേരളത്തിലും ഇത്തരത്തിലുള്ള ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്നത് .ആറുമാസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂര്‍ കീഴാറ്റൂരില്‍ നിര്‍ദിഷ്ട ബൈപാസ് പദ്ധതിക്കെതിരായ സമരം ആരംഭിച്ചത്.

എന്നാല്‍,കേരളത്തിലും വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലേക്കാണ് സമരംഇപ്പോള്‍ മുന്നോട്ട് പോകുന്നത്.വയല്‍ക്കിളി പ്രവര്‍ത്തകരാണ് സമരത്തിന്‍റെ നേതൃനിരയില്‍.

കീഴാറ്റൂര്‍ വയല്‍ വഴി കടന്നുപോകുന്ന നിര്‍ദിഷ്ട ബൈപാസിന് വേണ്ടി സ്ഥലം അളക്കുന്നതിനായി ദേശീയ പാതാ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ഇന്നെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ തുടര്‍ന്ന്‍,മിക്ക വയല്‍ക്കിളി പ്രവര്‍ത്തകരും  കയ്യില്‍ മണ്ണെണ്ണയുമായാണ് സമരത്തിനെത്തിയത്.രാവിലെ മുതല്‍ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്ന്  അറസ്റ്റോ, മറ്റേതെങ്കിലും തരത്തിലുള്ള പോലീസ് നടപടികളോ ഉണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്ന്‍  ഭീഷണി മുഴക്കി.

വയലിലുണ്ടായിരുന്ന കച്ചയ്ക്ക് തീയിട്ടാണ്  ഇവര്‍ പ്രതിഷേധിച്ചത് . സമരത്തെ ഏതെങ്കിലും തരത്തില്‍  അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വയല്‍ നികത്തി റോഡ് പണിയാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സമരപ്രവര്‍ത്തകര്‍.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ്  കഴിഞ്ഞ ആഴ്ച്ച നടത്തേണ്ടിയിരുന്ന സര്‍വേ പോലീസ് അന്ന് നടത്താതിരുന്നത് . കഴിഞ്ഞ ദിവസം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍  സ്ഥല ഉടമസ്ഥരില്‍ 56 ഓളം കുടുംബങ്ങളുടെ സമ്മതപത്രം  ദേശീയപാത അതോറ്റിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ സമ്മതപത്രങ്ങള്‍ വ്യാജമാണെന്നും കീഴാറ്റൂരിലെ ഒരു കുടുംബം പോലും സമ്മതപത്രം നല്‍കിയിട്ടില്ല എന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ പ്രസ്താവനയിറക്കി.

ബൈപാസ് ആരംഭിക്കുന്ന കുറ്റിക്കോല്‍ എന്ന സ്ഥലത്തിനുമപ്പുറത്തുള്ള മറ്റു പ്രദേശങ്ങളിലെ കുടുംബങ്ങളുടെ കയ്യില്‍ നിന്നാണ് സമ്മതപത്രം നേടിയെടുത്തതെന്ന് വയല്‍ക്കിളികള്‍ പറയുന്നു.

സമരസ്ഥലത്തേക്ക് പുറത്തുനിന്നുള്ള ആരെത്തിയാലും അവരെ തടയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിന്റെ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ചിലര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു.

ഇന്ന് പോലീസ് പ്രദേശത്തേക്കുള്ള മുഴുവന്‍ റോഡുകളും തടഞ്ഞിരിക്കുകയാണ്. വയല്‍ക്കിളി പ്രവര്‍ത്തകരും പോലീസും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഇതുവരെ സ്ഥലത്തെത്താന്‍ സാധിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഉയര്‍ത്തിയ അതേ കോര്‍പ്പറേറ്റ്‌ വിരുദ്ധ മുദ്രാവാക്യം തന്നെയാണ് ഇങ്ങു കീഴാറ്റൂരിലും നമ്മള്‍ കേള്‍ക്കുന്നത് എന്നാല്‍ രണ്ട് സമരങ്ങളോടും സി പി ഐ എമ്മിന്റെ നിലപാട് വ്യത്യസ്തമാണ് എന്നും ആരോപണം ഉയരുന്നുണ്ട് .

കീഴാറ്റൂരിലെ വയലല്‍ക്കിളി പ്രവര്‍ത്തകരുടെ സമരം പരാജയപ്പെടുത്താന്‍ സമരപന്തല്‍ സി  പി ഐ എം  പ്രവര്‍ത്തകര്‍ കത്തിച്ചു.എന്നാല്‍,സി പി ഐ എം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ചില പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു .

കൃഷി പണി ചെയ്തു ജീവിക്കാനുള്ള കര്‍ഷകരുടെ അവകാശത്തെയാണ് ഇവിടെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം