പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കായംകുളം കൊച്ചുണ്ണി നാളെ തീയേറ്ററുകളില്‍.

Loading...

പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി നാളെ തീയേറ്ററുകളിലെത്തുകയാണ്. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നതെന്ന് വാര്‍ത്ത പുറത്തുവന്നതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച ആരംഭിച്ചിരുന്നു.

ലാല്‍ വരുന്നതോടെ നിവിന്‍ പോളിയുടെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നായിരുന്നു പല പ്രേക്ഷകരുടെയും സംശയം. എന്നാല്‍ തനിക്ക് ഒരിക്കലും അത്തരത്തില്‍ തോന്നിയിട്ടില്ലെന്ന് നിവിന്‍ നേരത്തേ പറഞ്ഞിരുന്നു. ആകെ 161 ദിനങ്ങള്‍ ചിത്രീകരിച്ച സിനിമയില്‍ 12 ദിവസത്തേക്കാണ് മോഹന്‍ലാല്‍ എത്തിയത്. ആ പന്ത്രണ്ട് ദിവസങ്ങള്‍ സെറ്റിലുണ്ടാക്കിയ ആവേശത്തെക്കുറിച്ച് പറയുകയാണ്  നിവിന്‍ പോളി.

കരിയറിലെ ഏറ്റവും റിസ്ക് ഉള്ള കഥാപാത്രമാണ് കൊച്ചുണ്ണിയെന്നും ഉയര്‍ന്ന ബജറ്റ് തുടക്കത്തില്‍ ചെറിയ ആശങ്ക ഉണ്ടാക്കിയിരുന്നെന്നും നിവിന്‍ പോളി. “എന്നാല്‍ ഉയര്‍ന്ന ബജറ്റില്‍ ചെയ്തിട്ടേ കാര്യമുള്ളെന്ന് റോഷന്‍ ചേട്ടന്‍ ആദ്യ ആലോചനയിലേ പറഞ്ഞിരുന്നു. ഉയര്‍ന്ന ബജറ്റിന്‍റെ ആശങ്ക സംവിധായകനുമായി പങ്കുവച്ചിരുന്നു. എന്നാല്‍ നിന്നെ മനസ്സില്‍ കണ്ടാണ് സിനിമ ചെയ്തിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.”

ഭയങ്കര സന്തോഷമുള്ള 12 ദിവസങ്ങളായിരുന്നു അത്. അപ്രതീക്ഷിതമായാണ് ലാലേട്ടന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്. അദ്ദേഹം ഷൂട്ടിന് എത്തിയ ആദ്യ ദിവസം ഓര്‍ക്കുന്നുണ്ട്. ലാലേട്ടന്‍ ഇത്തിക്കര പക്കിയുടെ കോസ്റ്റ്യൂം ഇട്ട് കാരവാനില്‍ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോള്‍ മുഴുവന്‍ സെറ്റും നോക്കി നില്‍ക്കുകയായിരുന്നു. ഇത്തിക്കര പക്കി തന്നെ നടന്നുവരുന്നത് പോലുള്ള ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ഫീല്‍ നമുക്കെല്ലാം ഷൂട്ടിംഗിന് മുന്‍പേ കിട്ടിയിരുന്നു.

45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

 

Loading...