ദിലീപിനെ കുരുക്കി കാവ്യയുടെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങളുടെ മൊഴി പുറത്തുവരുമ്പോള്‍ ദിലീപിന്റെ കുരുക്ക് മുറുകുകയാണ്. എന്നാല്‍ ദിലീപിനെ കൂടുതലും കുരുക്കാവുക ഭാര്യ കാവ്യ മാധവന്റെ മൊഴിയാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസത്തെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഭാഗത്ത് കാവ്യ പറയുന്ന പല കാര്യങ്ങളും സംശയകരമാണ്.

നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്തദിവസം രാവിലെ വീട്ടില്‍ നടന്ന കാര്യങ്ങളെപ്പറ്റി കാവ്യ മൊഴിയില്‍ പറയുന്നത് ഇങ്ങനെ- റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്. ദിലീപേട്ടന് ചായയിട്ട് കൊടുക്കുവാന്‍ പോയ സമയത്താണ് റിമി വിളിച്ചത്. ഞാന്‍ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ ദിലീപേട്ടന്‍ പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവമാണു സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണു നടിയെ ആക്രമിച്ചതെന്നും ദിലീപേട്ടന്‍ എന്നോട് പറഞ്ഞു. രാത്രിയില്‍ ആന്റോ ചേട്ടന്റെ മിസ്ഡ് കോള്‍ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. എന്നോട് ആക്രമിക്കപ്പെട്ട നടിയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ അറിയില്ല എന്നു മറുപടി നല്‍കി.

രമ്യ (സിനിമാ നടി) വിളിച്ചു സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ നടിക്ക് ഫോണ്‍ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോണ്‍ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടന്‍ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല.

കാവ്യയുടെ മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ-എന്റെ ആദ്യ വിവാഹം 2008 ഫെബ്രുവരി അഞ്ചിനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നിശാല്‍ചന്ദ്ര ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഞാനാണ് ആദ്യം വിവാഹമോചന നോട്ടീസ് നല്‍കിയത്. പിന്നീട് സംയുക്തമായി വിവാഹമോചന ഹര്‍ജി എറണാകുളം കോടതിയില്‍ നല്‍കി. 2010 ല്‍ കുടുംബ കോടതിയില്‍നിന്നും വിവാഹ മോചന ഉത്തരവ് ലഭിച്ചു. ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല.

അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണക്കാരി ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടന്ന ”മഴവില്ലഴകില്‍ അമ്മ” എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍വച്ച് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിഖ് അങ്കിള്‍ (നടന്‍ സിദ്ദിഖ്) അതിലിടപ്പെട്ട് സംസാരിച്ചിരുന്നു. പിന്നീട് ദിലീപേട്ടനോ ഞാനോ ആക്രമിക്കപ്പെട്ട നടിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും കാവ്യ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം