കഠ്‌വ കേസ് കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു.

ജമ്മു∙ കഠ്‌വ മാനഭംഗക്കേസിൽ വിചാരണ തുടങ്ങുന്നത് ഈ മാസം 28ലേക്കു മാറ്റി. കേസ് പരിഗണിക്കുന്നത് കഠ്‌വയിൽനിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. തനിക്കും കുടുംബാംഗങ്ങൾക്കും കേസിൽ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ പിതാവ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

അതിനിടെ, തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഠ്‍വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി. ജമ്മുവിലെ കഠ്‌വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്.

പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്കായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കഠ്‌വ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് ഏഴു പ്രതികൾക്കും എതിരായ വിചാരണ സെഷൻസ് കോടതിയിൽ നടക്കും. കേസ് നടപടികൾക്കായി ജമ്മു കശ്മീർ സർക്കാർ രണ്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്‍ലിം വർഗീയ ധ്രുവീകരണം രൂക്ഷമായതിനാൽ, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ബഖർവാല നാടോടിഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം