അപ്രഖ്യാപിത ഹർത്താൽ: കുട്ടിയെ അഡ്മിനാക്കിയതിന് പിന്നിൽ?

തിരൂർ∙ ജമ്മു കശ്‌മീരിലെ കത്വയിൽ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനെ പൊലീസ് കണ്ടെത്തിയത് വാർത്തയായിരുന്നു. വാട്സാപ് ഗ്രൂപ്പിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയ പത്താം ക്ലാസ് വിദ്യാർഥിയാണ് പൊലീസ് വലയത്തിൽ കുടുങ്ങിയത്.

എന്നാൽ കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ‘വോയ്സ് ഓഫ് യൂത്ത്’ എന്ന പേരിലുള്ള നാലു വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനമാണു കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നു പൊലീസ് പറയുന്നു.

ഈ പേരിലുള്ള ഗ്രൂപ്പിന്റെ അഡ്മിൻ തിരൂരിലെ പതിനഞ്ചുകാരനാണെന്ന് അറിഞ്ഞതോടെ പോലീസും ഞെട്ടിയിരിക്കുകയാണ്.
സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ആദ്യ വാട്സാപ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍.

അപ്രഖ്യാപിത ഹർത്താലിൽ അക്രമം നടത്തിയതിനു മേഖലയിൽ 16 കുട്ടികൾ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്.

ഹർത്താലിനെത്തുടർന്നുണ്ടായ അക്രമത്തിൽ പാലക്കാട് പുതുനഗരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എട്ടു പേർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. പുതുനഗരം സ്വദേശികളായ മുഹമ്മദ് അൻസാരി, സുൾഫിക്കർ അലി, ഫിറോസ് ഖാൻ, സിക്കന്ദർ ബാഷ, കാജ ഹുസൈൻ, നജിമുദ്ദീൻ, സിറാജുദ്ദീൻ, മുഹമ്മദാലി എന്നിവരാണ് ഹർജി നൽകിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം