ദ്രാവിഡ സൂര്യന്‍ മണ്ണോട് ചേര്‍ന്നു; കണ്ണീരണിഞ്ഞ് ജനസാഗരം

വെബ് ഡെസ്ക്

ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു.  ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദ്രാവിഡ രാഷ്ട്രീയ കുലപതിക്ക്  അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്. കലൈഞ്ജറുടെ ആഗ്രഹം പോലെ പ്രിയ നേതാവ് അണ്ണദുരൈ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലാണ് കരുണാനിധിയും ഇനി ഉറങ്ങുക.

മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് രാജാജി നഗറില്‍ നിന്നും ചെന്നൈയിലെ മറീന ബീച്ചിലേക്ക് കലൈഞ്ജറുടെ മൃതദേഹം കൊണ്ടുവന്നത്. കലാസംസ്കാരിക , രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ നിരവധി പേരാണ് കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. വിലാപയാത്രയ്ക്ക് അണിനിരന്ന പതിനായിരങ്ങളെ നിയന്ത്രിക്കാന്‍ പലപ്പോഴും പൊലീസിന് സാധിച്ചിരുന്നില്ല.

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളിലും അദ്ദേഹത്തെ അവസാനമായി കാണാനായി ബാരിക്കേഡുകള്‍ പോലും  തകര്‍ത്ത്  പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇവരെ നിയന്ത്രിക്കാനായി പൊലീസ് ഏറെ പണിപ്പെട്ടു.  രാജാജി ഹാളിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേരാണ് മരിച്ചത്.

കലൈഞ്ജറുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, സൂര്യ, അജിത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം,  കമല്‍ഹാസന്‍,ടി.ടി.വി.ദിനകരന്‍, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം